ന്യൂഡൽഹി: ടൂറിസം മേഖലയിൽ വൻ കുതിപ്പ്. കോവിഡ് മഹാമാരിയിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ടൂറിസം മേഖല അതിൽ നിന്നും വലിയ രീതിയിൽ കഴിഞ്ഞ വർഷം കുതിപ്പ് നടത്തിയതായാണ് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്ര സഭയുടെ ടൂറിസം ഓർഗനൈസേഷന്റെ കണക്കുകളാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
2024-ൽ 140 കോടി ആളുകളാണ് അന്താരാഷ്ട്ര യാത്ര നടത്തിയതെന്ന് യുഎൻഡബ്ല്യുടിഒയുടെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019ൽ കോവിഡ് ബാധിക്കുന്നതിന് മുമ്പുള്ള കണക്കുകൾക്ക് സമാനമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഓരോ ടൂറിസ്റ്റും ശരാശരി 1000 ഡോളർ (86000 രൂപയോളം) ചെലവഴിച്ചിട്ടുണ്ടെന്ന് യുഎൻഡബ്ല്യുടിഒയുടെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതായത് ആ വർഷം, ടൂറിസ്റ്റുകൾ 1.9 ട്രില്യൺ ഡോളർ ചിലവഴിച്ചു.
2024ൽ യൂറോപ്പ് ആണ് വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തത്. യുക്രൈൻ-റഷ്യ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ ചില പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതയിരുന്നു. ഈ സാഹചര്യത്തിലാണ് പലരും യൂറോപ്പ് തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിച്ചത് ഫ്രാൻസാണ്. 10 കോടി പേരാണ് ഫ്രാൻസിൽ കഴിഞ്ഞ വർഷം എത്തിയത്. ഒമ്പത് കോടി സഞ്ചാരികളെ വരവേറ്റ് സ്പെയിൻ ആണ് രണ്ടാമതെത്തിയത്.
2024-ൽ 31.6 കോടി ആളുകൾ ഏഷ്യ-പസഫിക് രാജ്യങ്ങളിലും 21.3 കോടി പേർ അമേരിക്കൻ ഭൂഖണ്ഡത്തിലേക്കും 9.5 കോടി പശ്ചിമേഷ്യൻ രാജ്യങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. 7.4 കോടി സഞ്ചാരികളാണ് കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചത്.
Discussion about this post