ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡുകളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിട്ടുള്ള എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളൻ്റിയർമാർ, രാഷ്ട്രീയ രംഗശാല ക്യാമ്പ് ആർട്ടിസ്റ്റുകൾ, ടാബ്ളോ കലാകാരന്മാർ, ആദിവാസി അതിഥികൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മോദി അതിഥികളുമായി കൂടിക്കാഴ്ച നടത്തിയത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരതിൻ്റെ സന്ദേശം ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി ആശയവനിമയം നടത്തിയത്.
ദേശീയ ഐക്യത്തിൻ്റെയും നാനാത്വത്തിൻ്റെയും പ്രാധാന്യം പരിപാടിയിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിൻ്റെ ചൈതന്യം ശക്തിപ്പെടുത്തുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി സംവദിക്കാൻ എല്ലാ അതിഥികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ സംസ്ഥാനത്തെയും ജനങ്ങൾ തമ്മിലുള്ള ധാരണയും ഐക്യവും വളർത്തിയെടുക്കുന്നത് രാജ്യത്തിൻ്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും രാഷ്ട്രനിർമ്മാണത്തിന് സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടാനും അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു. അച്ചടക്കം, കൃത്യനിഷ്ഠ പാലിക്കൽ, നേരത്തെ ഉണരുക തുടങ്ങിയ നല്ല ശീലങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജനുവരി 26ന് രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക.
Discussion about this post