ലക്‌നൗ : പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും . ഫെബ്രുവരി 5 നാണ് മേദി പങ്കെടുക്കുക. അവിടെ അദ്ദേഹം വിശുദ്ധ സ്‌നാനം നടത്തും.
ജനുവരി 27 ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും കുംഭമേള സന്ദർശിക്കുമെന്നാണ് വിവരം. പ്രയാഗ് രാജിൽ എത്തുന്ന അമിത് ഷാ ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തും. ഗംഗാപൂജയും നടത്തുന്ന അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ പ്രസിഡന്റ് ദ്രൗപതി മുർമു ഫെബ്രുവരി 10 ന് പ്രയാഗ്രാജിൽ എത്തിയേക്കുമെന്ന സൂചനയുമുണ്ട്. പ്രമുഖ വ്യക്തികളുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കി. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും ചടങ്ങ് നടക്കുന്ന ഇടങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി തുടങ്ങി.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 നാണ് അവസാനിക്കുക. സർക്കാരിന്റെ കണക്കനുസരിച്ച് 2025 ലെ മഹാകുംഭമേളയിൽ 15 ലക്ഷം വിദേശ വിനോദസഞ്ചാരികളടക്കം 45 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ലെ കുംഭമേളയിൽ 25 കോടി പേരാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലെയും പാരമ്പര്യങ്ങളിലെയും ഭക്തരെ ഒരുമിച്ചുചേർക്കുന്ന, ഐക്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ഒരു വേദിയായി മേള പ്രോത്സാഹിപ്പിക്കപ്പെടുന്നു.
Discussion about this post