തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടാനുള്ള തട്ടിപ്പ്് സംഘത്തിന്റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയില്‍ നിന്നും പണം തട്ടാന് ശ്രമിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന വസന്തകുമാരിയും ഭര്‍ത്താവ് ശ്രീവര്‍ദ്ധനും കരമനയിലെ വീട്ടില് വിശ്രമ ജീവിതത്തിലാണ്. രണ്ട് ദിവസം മുമ്പാണ് ദില്ലിയില്‍ നിന്നും ഇവര്‍ക്ക്് ഫോണ് വരുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍. കള്ളപ്പണം വെളുപ്പിച്ചതിന് വസന്തകുമാരിയുടെ പേരില് 23 കേസുണ്ടെന്നും ഇവരുടെ എയര്‍ടെല്‍ നമ്പര്‍ തട്ടിപ്പിന് ഉപയോഗിച്ചെന്നും ഇയാള്‍ അറിയിച്ചു.
വിളിച്ചയാള്‍ വസന്തകുമാരിയുടെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തി. ഇതോടെ ഇവര്‍ ആദ്യം വിളിച്ചയാള്‍ പറഞ്ഞത് സത്യമെന്ന് വിശ്വസിച്ചു. പിന്നീട് ബാങ്കിലെത്തിയ ശേഷമുള്ള തട്ടിപ്പുകാരുടെ സംസാരത്തിലാണ് തനിക്ക് സംശയങ്ങള്‍ തുടങ്ങിയതെന്ന് വസന്തകുമാരി പറഞ്ഞു. ബാങ്കിലെ ആരോടും മിണ്ടരുതെന്നും ബാങ്കിന് പുറത്ത് നിന്ന് മാത്രമേ സംസാരിക്കാവൂ എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ സംശയമുണര്‍ത്തി. സംശയങ്ങള്‍ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് തിരികെ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ തല്‍ക്കാലം ഇവരുടെ ബാങ്ക് അക്കൗണ്ട മരവിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇടപ്പഴഞ്ഞി സ്വദേശിയായ അധ്യാപകനില്‍ നിന്നും വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയെടുക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ തട്ടിപ്പുകാരുടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വെര്‍ച്വല്‍ അറസ്റ്റ്, വിവരമറിഞ്ഞെത്തിയ കേരള പൊലീസ് പത്തു മിനിറ്റുകൊണ്ട് പൊളിച്ചിരുന്നു.
Discussion about this post