ന്യൂഡൽഹി : 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവസാന പ്രകടനപത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1.08 ലക്ഷം വ്യക്തികളിൽ നിന്നും 62,000 ഗ്രൂപ്പുകളിൽ നിന്നുമുള്ള ഇൻപുട്ടുകളുടെ അടിസ്ഥാനത്തിലാണ് രേഖ തയ്യാറാക്കിയതെന്നും ഇത് ജനങ്ങളുടെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡൽഹിയിലെ 1700 അനധികൃത കോളനികളിൽ താമസിക്കുന്ന ആളുകൾക്ക് തങ്ങളുടെ സ്ഥലത്തിന് ഉടമസ്ഥാവകാശം നൽകുകയും വീട് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശവും നൽകും എന്നുള്ളതാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഒരു സുപ്രധാന വാഗ്ദാനം.
ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രകടന പത്രിക വിശ്വാസത്തിൻ്റെ കാര്യമാണ് അതിനാൽ തന്നെ പൊള്ളയായ വാഗ്ദാനങ്ങൾ തങ്ങൾ നൽകില്ല എന്നും അമിത് ഷാ വ്യക്തമാക്കി. ബിജെപിയുടെ പാരമ്പര്യം പോലെ, ഞങ്ങൾ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൂടാതെ തിരഞ്ഞെടുപ്പിനെ ജനസമ്പർക്കത്തിൻ്റെ മാധ്യമമായി കണക്കാക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യമുന റിവർ ഫ്രണ്ട് വികസിപ്പിക്കും. ഡൽഹിയിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ യോജനയുടെ ആനുകൂല്യങ്ങൾ നൽകും. യുവാക്കൾക്ക് 50,000 സർക്കാർ ജോലികൾ നൽകും.
13,000 ബസുകൾ ഇ-ബസുകളാക്കി മാറ്റും. നിർമ്മാണ, കരാർ, കൂലി തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് നൽകും. അവരുടെ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും.
തൊഴിലാളികൾക്ക് ടൂൾകിറ്റിന് 10,000 രൂപ സഹായം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് വായ്പയും അപകട ഇൻഷുറൻസും എന്നിങ്ങനെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാംഘട്ട പ്രകടനപത്രികയിൽ വ്യക്തമാക്കുന്നത്.
Discussion about this post