കോഴിക്കോട് : കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. ഫറോക്ക് പത്മരാജ സ്കൂളിന് സമീപമാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിട്ടുള്ളത്. മുൻപ് ഒരേ ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്ന വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിയെ കുത്തിയ പ്രതിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇരു വിദ്യാർത്ഥികളും തമ്മിൽ ബസ്സിൽ വച്ച് സംഘർഷം ഉണ്ടായിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കാനായി മറ്റു ചില വിദ്യാർത്ഥികളോടൊപ്പം പ്രതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് കഴുത്തിന് കുത്തേറ്റത്.
ആക്രമണം നടക്കുന്ന സമയം പ്രതിയുടെ പിതാവും വീട്ടിലുണ്ടായിരുന്നതിനാൽ ആണ് ഇയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post