ലഖ്‌നൗ : ഇന്ത്യയിൽ തന്നെ ആദ്യമായി മതപരിവർത്തന നിരോധന നിയമപ്രകാരം ദമ്പതികൾക്ക് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് കോടതി. ആളുകളെ മതം മാറ്റിയതിന്റെ പേരിൽ പാസ്റ്റർ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. പാസ്റ്റർ ജോസ് പാപ്പച്ചൻ, ഭാര്യ ഷീജ പാപ്പച്ചൻ എന്നിവർക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
സാമൂഹികമായി ദരിദ്രരായ ജാതികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയാണ് മതപരിവർത്തന നിരോധന നിയമം പ്രകാരം ഉള്ള കേസിൽ ശിക്ഷ വിധിച്ചത്. അഞ്ചുവർഷം തടവ് കൂടാതെ രണ്ടുപേരും 25000 രൂപ വീതം പിഴയും ഒടുക്കണം.
2021ലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ദമ്പതികൾക്കെതിരെ കേസ് എടുത്തിരുന്നത്. 2024-ൽ ഈ നിയമം ഭേദഗതി ചെയ്ത് ജീവപര്യന്തം തടവ് എന്ന വ്യവസ്ഥ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോത്രവർഗവും സാമൂഹികമായി ദരിദ്രവുമായ ദളിത് പശ്ചാത്തലത്തിൽ നിന്നുള്ള ആളുകളെ മതപരിവർത്തനം നടത്തിയതിന്റെ പേരിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ഉത്തർപ്രദേശിലെ ബിജെപി പ്രവർത്തകയായ ചന്ദ്രിക പ്രസാദാണ് 2023 ജനുവരിയിൽ പാസ്റ്റർ ദമ്പതികൾക്കെതിരെ പരാതി നൽകിയത്.
Discussion about this post