ന്യൂഡൽഹി : 2025 ലെ പത്മ പുരസ്കാരങ്ങളിൽ കേരളത്തിൽ നിന്നും നിരവധി പ്രതിഭകളാണ് ഉൾപ്പെട്ടിട്ടുള്ളത്. സാഹിത്യരംഗത്ത് നിന്നും എംടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. കായികരംഗത്ത് നിന്നും ഇന്ത്യയുടെ തന്നെ അഭിമാന താരമായ ഒളിമ്പിക്സ് ജേതാവ് പി ആർ ശ്രീജേഷിന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. ഇതോടൊപ്പം തന്നെ കേരളത്തിന് അഭിമാനമായി വൈദ്യശാസ്ത്രരംഗത്ത് നിന്നും ഒരു പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നും ഉള്ള പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. രാജ്യത്തെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വിദഗ്ധ ഡോക്ടർ ആണ് അദ്ദേഹം. എഡിൻബറോയിലെ റോയൽ കോളേജ് ഓഫ് സർജൻസ് , ഗ്ലാസ്ഗോയിലെ റോയൽ കോളേജ് ഓഫ് സർജൻസ് , ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻസ് എന്നിവയിലെ അംഗം എന്ന നിലയിൽ രാജ്യത്തിന് തന്നെ അഭിമാനമാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
പാവപ്പെട്ട ഹൃദ്രോഗികളെ സാമ്പത്തികമായി സഹായിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം. 2011-ൽ ഇന്ത്യ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചിരുന്നു. തുടർന്നാണ് 2025ലെ പത്മഭൂഷൺ പുരസ്കാരവും നൽകിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ സൗത്ത് പറവൂരിലാണ് ഡോ. ജോസിന്റെ ജനനം. അദ്ദേഹത്തിൻ്റെ പിതാവ് പി എം ചാക്കോ ഒരു പ്രമുഖ സസ്യശാസ്ത്രജ്ഞനായിരുന്നു. പാലാ സെന്റ് തോമസ് കോളേജിലെ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. ജോസ് ചാക്കോ പാലാ സെൻ്റ് തോമസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് മെഡിക്കൽ പഠനത്തിലേക്ക് കടന്നത്. കോട്ടയം മെഡിക്കൽ കോളേജിൽനിന്നും ആണ് അദ്ദേഹം എംബിബിഎസ് നേടിയത്. കോട്ടയം മെഡിക്കൽ കോളേജിൽ സീനിയർ ഹൗസ് സർജൻ ആയി ഒരു വർഷം പ്രവർത്തിച്ചതിനുശേഷം അദ്ദേഹം ഉപരിപഠനത്തിനായി യുകെയിലേക്ക് പോയി. ഡബ്ലിനിലെ റോയൽ കോളേജ് ഓഫ് അയർലണ്ടിൽ നിന്ന് FRCS , റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ വിവിധ ആശുപത്രികളിൽ നിന്ന് ജനറൽ സർജിക്കൽ പരിശീലനം എന്നിവയും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പൂർത്തിയാക്കിയിട്ടുണ്ട്. വെയിൽസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും മാഞ്ചസ്റ്റർ റോയൽ ഇൻഫർമറിയിൽ നിന്നും അദ്ദേഹം ഹൃദയ ശസ്ത്രക്രിയ പരിശീലനവും നേടിയിട്ടുണ്ട്.
യുകെയിലെ ഉപരിപഠനത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ് ജോലി ആരംഭിച്ചത്. അവിടെ 2003 മെയ് 13-ന് പെരിയപ്പുറത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കേരളത്തിൽ ബീറ്റിംഗ് ഹാർട്ട് സർജറി പ്രോഗ്രാം ആരംഭിച്ച ആദ്യത്തെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായിരുന്നു അദ്ദേഹം. ധമനികളിലെ ഗ്രാഫ്റ്റുകളും TAR ഉം ഉപയോഗിച്ച് ബൈപാസ് ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ വിദഗ്ധൻ കൂടിയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
Discussion about this post