കൊച്ചി : സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.
തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചത് മുതൽ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയായിരുന്നു.
എളമക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളിയെകുടുകുടെ ചിരിപ്പിച്ച ചിത്രങ്ങളാണ്. വൺ മാൻ ഷോ ആണ് ഷാഫിയുടെ ആദ്യ ചിത്രം. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ചിരിയോടെ ഓര്‍ക്കുന്ന കഥാപാത്രങ്ങളും ഷാഫിസമ്മാനിച്ചതാണ്.
ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. അന്തരിച്ച സംവിധായകൻ സിദ്ദീഖ്ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്.
Discussion about this post