മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയതിനുപിന്നാലെ ഇന്ത്യയുമായി പിണങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് അമേരിക്ക നല്‍കിയിരിക്കുന്നത്.
ബംഗ്‌ളാദേശ് സര്‍ക്കാരിന് നല്‍കിയിരുന്ന ഫണ്ടിംഗ് നിര്‍ത്തലാക്കിയിരിക്കുകയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തേയ്ക്ക് എല്ലാ വിദേശ സഹായങ്ങളും നിര്‍ത്തിവച്ച സാഹചര്യത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് (യുഎസ്എഐഡി) മുഹമ്മദ് യൂനുസ് സര്‍ക്കാരിനുള്ള ഫണ്ട് നല്‍കുന്നത് നിര്‍ത്തലാക്കിയത്.
വിദേശ സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവ് കണക്കിലെടുത്ത് കരാര്‍ പ്രകാരം നടത്തുന്ന ഏതൊരു ജോലിയും ഉടന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബംഗ്‌ളാദേശിന് സന്ദേശമയച്ചിരിക്കുകയാണ് യുഎസ്എഐഡി.
2024 സെപ്തംബറില്‍, യുഎസ് 202 മില്യണ്‍ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിരുന്നു. 2021നും 2026നും ഇടയില്‍ 954 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തുള്ള 2021ലെ കരാര്‍ പ്രകാരമാണിത്. ഇതില്‍ 425 മില്യണ്‍ ഡോളര്‍ ഇതിനകംതന്നെ ബംഗ്‌ളാദേശിന് നല്‍കിയിരുന്നു.
യുഎസ്എഐഡിയുടെ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ബംഗ്‌ളാദേശ്. ആഗോള ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരംഭങ്ങള്‍, ജനാധിപത്യം, ഭരണം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Discussion about this post