ലഖ്‌നൗ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാകുംഭ മേളയിൽ പങ്കെടുത്തു. തിങ്കളാഴ്ച പ്രയാഗ് രാജിൽ എത്തിയ അമിത് ഷാ നിരവധി സന്യാസിമാർക്കൊപ്പം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമിത് ഷായ്ക്കൊപ്പം സംഗമ സ്നാനത്തിന് എത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രയാഗ്‌രാജിലെ അക്ഷയ് വത്സിൽ പ്രാർത്ഥന നടത്തി. മകൻ ജയ് ഷായും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു . വെള്ളി കുംഭം സമ്മാനിച്ചാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമിത് ഷായെസ്വീകരിച്ചത്. ബഡേ ഹനുമാൻ ജി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ജുനാപിതാധീശ്വർ മഹാമണ്ഡലേശ്വര് ആചാര്യ അവധേശാനന്ദ് ഗിരി ജി മഹാരാജുമായും മറ്റ് ചില സന്യാസിമാരുമായും ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തി.
ഗുരു ശരണാനന്ദ് ആശ്രമം സന്ദർശിച്ച അമിത് ഷാ
ഗുരു ശരണാനന്ദ് ജിയെയും ഗോവിന്ദ് ഗിരി ജി മഹാരാജിനെയും നേരിൽ കണ്ട് സംസാരിച്ചു. ഭാര്യ സോണാൽ ഷായും ആഭ്യന്തരമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സന്യാസിമാർ രുദ്രാക്ഷമാല അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ശൃംഗേരി, പുരി, ദ്വാരക എന്നിവിടങ്ങളിലെ ശങ്കരാചാര്യന്മാരുമായുള്ള കൂടിക്കാഴ്ചയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രയാഗ് രാജ് സന്ദർശനം അവസാനിച്ചത്.
Discussion about this post