ഭോപ്പാൽ : മഹാകുംഭമേളക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചത് കൊണ്ട് ദാരിദ്ര്യം മാറ്റാൻ ആകില്ലെന്ന് ഖാർഗെ പരിഹസിച്ചു. മഹാകുംഭമേളയിൽ
മുങ്ങിക്കുളിക്കാൻ ബിജെപി നേതാക്കൾക്കിടയിൽ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് നിരവധിപേർ പട്ടിണികൊണ്ട് മരിക്കുമ്പോഴാണ് ആളുകൾ ആയിരക്കണക്കിന് രൂപ ചെലവഴിച്ച് ഗംഗയിൽ മുങ്ങിക്കുളിക്കുന്നതെന്നും ഖാർഗെ വിമർശിച്ചു. ബിജെപി നേതാക്കൾ ഈ ചെയ്യുന്നത് ക്യാമറയിൽ കാണിക്കുന്നതിനുള്ള തന്ത്രമാണ്. ഇതുകൊണ്ട് രാജ്യത്തിന് ഒരു നന്മയും വരാൻ പോകുന്നില്ല എന്നും ഖാർഗെ സൂചിപ്പിച്ചു.
ഇൻഡോറിൽ നടന്ന ജയ് സംവിധാൻ റാലിയിൽ ആയിരുന്നു മല്ലികാർജുൻ ഖാർഗെയുടെ ഈ പരിഹാസ പരാമർശം. ഞങ്ങളും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. ആളുകൾ വീട്ടിൽ പൂജ ചെയ്യുന്നതിന് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ മതത്തിൻ്റെ പേരിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതാണ് ഞങ്ങളുടെ പ്രശ്നം എന്നും ഖാർഗെ സൂചിപ്പിച്ചു.
Discussion about this post