ഭോപ്പാൽ : മഹാകുംഭമേള പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചാൽ പട്ടിണി മാറുമോ എന്ന പരാമർശത്തിലാണ് ഖാർഗെ മാപ്പ് ചോദിക്കുന്നതായി വ്യക്തമാക്കിയത്. ആരുടെയും വിശ്വാസം വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നും ഖാർഗെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തിയതിനെതിരെ ആയിരുന്നു ഖാർഗെയുടെ പരാമർശം. ബിജെപി നേതാക്കൾ ഗംഗയിൽ മുങ്ങി കുളിക്കാനായി മത്സരിക്കുകയാണ്. എന്നാൽ ക്യാമറയ്ക്ക് മുൻപിലുള്ള മുങ്ങി കുളിയാണ് നടക്കുന്നത്. ഇതുകൊണ്ടൊന്നും രാജ്യത്തിന് ഒരു നന്മയും വരാൻ പോകുന്നില്ല എന്നും ഖാർഗെ നേരത്തെ പരാമർശിച്ചിരുന്നു.
വിഷയത്തിൽ ബിജെപിയുടെയും ഹിന്ദു നേതാക്കളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ഖാർഗെ ക്ഷമ ചോദിക്കുന്നതായി അറിയിച്ചത്. ആരുടെയും വിശ്വാസം വ്രണപ്പെടുത്താൻ ആയി പറഞ്ഞതല്ല. ഞങ്ങളും ദൈവത്തിൽ വിശ്വസിക്കുന്നവരാണ് എന്നും ഖാർഗെ അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു മല്ലികാർജുൻ ഖാർഗെ വിവാദ പരാമർശം നടത്തിയിരുന്നത്.
Discussion about this post