ഉറക്കം വരുന്നത് വരെ കിടന്നുകൊണ്ട് ഫോണില്‍ വീഡിയോ കാണുന്ന സ്വഭാവമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് മാറ്റേണ്ട സമയമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. രസകരമെന്ന് തോന്നുന്ന ഈ സ്വഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്. ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാത്രി ഏറെ വൈകിയുള്ള വീഡിയോ കാണല്‍ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.
യുവാക്കളും മധ്യവയസ്‌കരുമായ 4318 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവരുടെ കിടക്കുംനേരമുള്ള വീഡിയോ കാണലും ഹൈപ്പര്‍ ടെന്‍ഷനും തമ്മിലുള്ള ബന്ധം ഗവേഷകര്‍ വിശകലനം ചെയ്തു. കിടക്കും മുന്‍പ് ചെറിയ വീഡിയോകള്‍ കാണുന്നവരില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
20-40നും ഇടയില്‍ പ്രായമുള്ളവരില്‍ ഇത്തരം ഹൈപ്പര്‍ ടെന്‍ഷന്‍ സാധാരണമായിക്കഴിഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. വീഡിയോ കാണുമ്പോഴുണ്ടാകുന്ന നീല വെളിച്ചം മുഖത്തടിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ആറുമണിക്കൂറില്‍ താഴെയാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ അത് രക്തസമ്മര്‍ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. അമിതവണ്ണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്കും അത് നയിച്ചേക്കാം. സ്ട്രെസ് , ഉത്കണ്ഠ എന്നിവ ഉയരുന്നതിനും ഈ ശീലം കാരണമാകുമെന്നാണ് കണ്ടെത്തല്‍.
Discussion about this post