കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസാണ് നടന്നത്. വലിയ താരനിര തന്നെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവന് സിനിമ എടുക്കാൻ അറിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ച സമയത്താണ് ‘ലൂസിഫർ’ എന്ന വലിയ സിനിമയുമായി മോഹൻലാൽ തനിക്കൊപ്പം നിന്നതെന്നും ‘എമ്പുരാൻ’ സിനിമയ്ക്കു വേണ്ടി മോഹൻലാൽ ചെയ്തു തന്ന സഹായങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും പൃഥ്വി പറയുന്നു.
രജനികാന്തിനേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രജനികാന്തിനെ വച്ച് സിനിമ ചെയ്യാൻ അവസരം കിട്ടിയിട്ടും അത് ചെയ്യാൻ കഴിയാതെ പോയതിനേക്കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അതെന്നും പൃഥ്വിരാജ് പറഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് വന്നിരുന്നു. ഒരു പുതിയ സംവിധായകൻ എന്ന നിലയിൽ അത് എനിക്ക് വലിയൊരു ഓഫർ ആയിരുന്നു. ഞാൻ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാൻ സാധിക്കുമോയെന്ന് പരമാവധി ശ്രമിച്ചു. എന്നാൽ ലൈക്ക പ്രൊഡക്ഷൻസിന് ഒരു ടൈം ലൈൻ ഉണ്ടായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് അവർക്കുണ്ടായിരുന്നു’, പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫർ റിലീസായതിന് ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു. രജനി സാറിന്റെ അടുത്തൊരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരവസരം അദ്ദേഹം എനിക്ക് തന്നു. പക്ഷേ ആടുജീവിതം എന്ന സിനിമ വന്നതു കൊണ്ട് എനിക്ക് ആ കമ്മിറ്റ്‌മെന്റ് ഏറ്റെടുക്കാൻ സാധിച്ചില്ല. എന്റെ ജീവിതത്തിൽ ഇത്രയും നീളമുള്ളൊരു സോറി നോട്ട് ഞാൻ ടൈപ്പ് ചെയ്ത് അയച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ മകൾ ഐശ്വര്യയ്ക്ക് ആണ് ഞാൻ അയച്ചത്.
Discussion about this post