ചെന്നൈ: തമിഴ്‌നാട്ടിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ പിടികൂടി എൻഐഎ. ചെന്നൈ സ്വദേശി അൽ ഫാസിദ് ആണ് പിടിയിലായത്. ഭീകര സംഘടനയിലേക്ക് റിക്രൂട്ട് മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിൽ നിന്നുള്ള എൻഐഎ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആംബുലൻസ് സർവ്വീസ് സെന്ററിൽ ജോലി ചെയ്തുവരുന്ന ഇയാൾ ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. 2023 ൽ സമാന കേസിൽ ഒരു ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാസിദിനെ എൻഐഎ സംഘം നിരീക്ഷിക്കുകയായിരുന്നു. ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പിടികൂടിയത്.
വാട്‌സ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ ഇസ്ലാമിക് സ്റ്റേറ്റിലൂടെ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. രഹസ്യമായി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഇതിലേക്ക് യുവാക്കളെ ആഡ് ചെയ്യും. ശേഷം ഇതിലേക്ക് ആളുകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് സ്വാധീനിക്കുന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുക ആയിരുന്നു. ഇതിൽ ആകൃഷ്ടരായ ആളുകൾ ഭീകര സംഘടനയിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കും. ഇതോടെ ഇവരെ സംഘടനയുമായി ബന്ധിപ്പിക്കും. ഇതാണ് ഫാസിദ് ഉൾപ്പെടുന്ന സംഘത്തിന്റെ രീതി.
ഈ കേസിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും വിശദ വിവരങ്ങൾ എൻഐഎ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post