കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ വന്ന പുതിയ ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാന്‍ വേറിട്ട ക്യാമ്പയിന്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഹിന്ദി, ബംഗാളി, പാകിസ്താനി, ഫിലിപ്പിനോ തുടങ്ങിയ ആറോളം ഭാഷകളിലായാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്.
ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് ഇത്തരത്തിലൊരു ക്യാമ്പയിന്‍ എത്തിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മന്ത്രാലയം നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതു വഴി ജനങ്ങള്‍ക്ക് അവരുടെ ഇഷ്ട ഭാഷയില്‍ വിവരങ്ങള്‍ ലഭിക്കും.
പുതിയ ട്രാഫിക് നിയമം ഏപ്രില്‍ 22 മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരിക. 48 വര്‍ഷത്തിനു ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. നിലവില്‍ ട്രാഫിക് പിഴകള്‍ ഉള്ളവര്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുള്ള മൂന്ന് മാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post