ഭക്ഷണവും വെള്ളവും വായുവും പോലെ അത്രയും ആരോഗ്യത്തിന് പരമപ്രധാനമാണ് ഉറക്കം. നാഡീകോശങ്ങളുടെ ആശയവിനിമയം മുതൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വരെ ഉറക്കം കൂടിയേ തീരൂ. മനുഷ്യർ ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം സമയവും ഉറക്കത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്, അതായത് എട്ട് മണിക്കൂർ രാത്രി ഉറക്കം. എന്നാൽ യുവാക്കളിൽ ഉറക്കം എന്നത് കുറയുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. അതായത് ജോലിയിലേക്ക് കാലെടുത്ത് വെയ്ക്കുന്നതോടെ ഉറക്കം എന്നത് കുറയുകയാണ് എന്നാണ് പറയുന്നത് .
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇത് ചൂണ്ടിക്കാണിക്കുന്നത്. ജോലിയിലേക്ക് പ്രവേശിക്കുന്ന ആദ്യ നാളുകളിൽ ശാരീരിക പ്രവർത്തനങ്ങൾ കൂടുതലാണെങ്കിലും പിന്നീടുളള നാളുകളിൽ ഇത് കുത്തനെ ഇടിയുന്നതായും പഠനം പറയുന്നു. വർക്ക് ഫ്രം ഹോം ചെയ്യുന്നവരിലാണ് ഉറക്ക കുറവ് കൂടുതൽ കണ്ടുവരുന്നത്.
എന്നാൽ ജോലി ഇവരുടെ സ്ലീപ് സൈക്കിളിനെ ബാധിച്ചിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.
യു.കെ.യിലെ 16-നും 30നും ഇടയിൽ പ്രായമുള്ള 3000 പേരെയാണ് പഠനവിധേയമാക്കിയത്. പഠന വിധേയമായവരെല്ലാം 2015-നും 2023-നും ഇടയിൽ തൊഴിൽ ജീവിതം ആരംഭിച്ചവരുമാണ്.
പതിവായി രാത്രി ഉറക്കം അഞ്ചോ അതിൽ കുറവോ ആയാൽ ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിച്ചേക്കാം. രാത്രിയിൽ ഉറക്കമില്ലാത്തവരുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണയെക്കാൾ കൂടുതലായിരിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നു.
ഉറക്കമില്ലായ്മ കോർട്ടിസോൾ, ഇൻസുലിൻ എന്നീ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്ന അവസ്ഥയാണ് ഉറക്കം. ഉറക്കമില്ലാമ ഒരാളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. ഉറക്കമില്ലായ്മ ഒരു വ്യക്തിയുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുകയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് ഓർമ്മക്കുറവ്, സ്വഭാവ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കാം.
Discussion about this post