മസ്കറ്റ് : ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പിടുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും. വാണിജ്യ വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 27 മുതൽ 28 വരെ നീണ്ടുനിന്ന ഒമാൻ സന്ദർശനം വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിലെ ഒരു പുതിയ നാഴികക്കല്ലായിരിക്കും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. ഇരു രാജ്യങ്ങൾക്കും പരസ്പരം വ്യാപാരവും നിക്ഷേപവും ഗണ്യമായി വർദ്ധിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പിയൂഷ് ഗോയലിൻ്റെ ഒമാൻ സന്ദർശന വേളയിൽ അതിർത്തി കടന്നുള്ള നികുതി സംബന്ധിച്ച ഇന്ത്യ-ഒമാൻ ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡിടിഎഎ) ഭേദഗതി ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഒമാൻ സുൽത്താനേറ്റിൻ്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് ആയിരുന്നു ചർച്ചയിൽ അധ്യക്ഷത വഹിച്ചത്.
2023-24ൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4.47 ബില്യൺ ഡോളറും ഇറക്കുമതി 4.5 ബില്യൺ ഡോളറുമാണ്.
പെട്രോളിയം ഉൽപന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി. പ്രൊപിലീൻ, എഥിലീൻ പോളിമറുകൾ, പെറ്റ് കോക്ക്, ജിപ്സം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക് എന്നിവയാണ് ഇന്ത്യ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് ഉൽപ്പന്നങ്ങൾ.
Discussion about this post