വാഷിംഗ്ടൺ : ഏതാനും വിദേശരാജ്യങ്ങൾക്ക് നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കി ഡോണാൾഡ് ട്രംപ്. ധനസഹായത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുനഃപരിശോധിച്ചതിന് ശേഷം മാത്രമേ ഏതൊക്കെ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. നിലവിൽ അമേരിക്ക നടത്തുന്ന എല്ലാ സഹായ പദ്ധതികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ട്രംപിന്റെ ഈ തീരുമാനത്തോടെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നത് പാകിസ്താനും ബംഗ്ലാദേശുമാണ്.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ഈ തീരുമാനം വലിയ വെല്ലുവിളിയായി മാറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെക്കാലമായി ലോകത്തെ ഏറ്റവും വലിയ സഹായ ദാതാക്കളാണ് അമേരിക്ക. 2023ൽ യുഎസ് 72 ബില്യൺ ഡോളറിൻ്റെ വിദേശ സഹായം വിതരണം ചെയ്തിരുന്നു. ഇതിൽ പാകിസ്താന് 232 മില്യൺ ഡോളറും ബംഗ്ലാദേശിന് 401 മില്യൺ ഡോളറും ആണ് അമേരിക്കയിൽ നിന്നുള്ള ധനസഹായമായി ലഭിച്ചിരുന്നത്.
അമേരിക്കൻ ജനതയ്ക്ക് നേരിട്ട് പ്രയോജനമില്ലെങ്കിൽ വിദേശത്ത് പണം ചെലവഴിക്കേണ്ട ആവശ്യമില്ലെന്നാണ് പുതിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെയും ബംഗ്ലാദേശിനെയും ആണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പാകിസ്താനിലെ പല വികസന പദ്ധതികളും അമേരിക്കയുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോയിരുന്നത്. ട്രംപിൻ്റെ ഉത്തരവിനെത്തുടർന്ന് സാംസ്കാരിക സംരക്ഷണത്തിനായുള്ള അംബാസഡർ ഫണ്ടും ഊർജ്ജ മേഖലയിലെ അഞ്ച് പ്രധാന പദ്ധതികളും പാകിസ്താൻ റദ്ദാക്കി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളെയും അമേരിക്കയുടെ ഈ തീരുമാനം ബാധിച്ചിട്ടുണ്ട്.
അമേരിക്കൻ ഏജൻസിയായ USAID ന് കീഴിൽ നൽകുന്ന സാമ്പത്തിക സഹായത്തിൻ്റെ പ്രധാന ഗുണഭോക്താവാണ് ബംഗ്ലാദേശ്. ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനത്തോടെ ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആയിരിക്കും നീങ്ങുക. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന വികസന പദ്ധതികൾ എന്നിവയ്ക്കായി 2023ൽ ബംഗ്ലാദേശിന് അമേരിക്ക 490 മില്യൺ ഡോളർ സഹായമാണ് നൽകിയിരുന്നത്. ഇതിനകം തന്നെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുന്ന ബംഗ്ലാദേശിൽ അമേരിക്കൻ ധനസഹായം കൂടി ഇല്ലാതാകുന്നതോടെ ചരിത്രത്തിലെ ഏറ്റവും ശോചനീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post