മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവരുടെ ലിസ്റ്റിൽ വലിയ സ്ഥാനം ഉള്ള ഒന്നാണ് കൂന്തൾ. ഇത് റോസ്റ്റാക്കിയും പൊരിച്ചും എല്ലാം ഒരു പാത്രം ചോറുണ്ണാൻ മലയാളികൾക്കേറെ ഇഷ്ടമാണ്. ഇതിൽ കലോറി വളരെ കുറവാണ്. ഇത് തടി കുറച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് കൂന്തൾ. ഇത്രയൊക്കെ ഗുണങ്ങളുള്ള കൂന്തലിനെ കുറിച്ച് ഇതാ നമ്മൾ കേട്ടാൽ ഞെട്ടുന്ന ഒരു പഠനം പുറത്ത് വന്നിരിക്കുകയാണ്.
കൂന്തൾ നീരാളികളുടെ വർഗത്തിൽപ്പെട്ട വെറുമൊരു കടൽജീവി മാത്രമല്ല. ഇതിന് മനുഷ്യനുമായി ഏറെ സാമ്യമുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള കശേരു ജീവികളുമായി ഏറെ ജനിതക സാമ്യം ഇതിനുണ്ട്. ബുദ്ധിശക്തി,മസ്തിഷ്‌ക വികസനം എന്നിവയിൽ മനുഷ്യനുമായും കൂന്തലിന് ജനിതക സാമ്യമുണ്ടത്രേ.
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലാണ് കൂന്തലിന്റെ (ഇന്ത്യൻ സ്‌ക്വിഡ് ) ജനിതക പ്രത്യേകതകൾ കണ്ടെത്തിയത്.സിഎംഎഫ്ആർഐയിലെ മറൈൻ ബയോട്കനോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയൻസ് ഉൾപ്പെടെയുള്ള മേഖലകൾക്ക് മുതൽകൂട്ടാകുന്നതാണ് പഠനം. ബുദ്ധിശക്തി, മസ്തിഷ്‌ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീൻ എക്സ്പ്രഷൻ മാതൃകകളാണ് സിഎംഎഫ്ആർഐ ഗവേഷകർ പഠനവിധേയമാക്കിയത്. ഇവയുടെ ജനിതക പ്രത്യേകതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ജീൻ എക്സ്പ്രഷൻ പ്രൊഫൈലുകളാണ് സിഎംഎഫ്ആർഐ ഗവേഷകർ തിരിച്ചറിഞ്ഞത്.
കടൽജീവികൾ പാരിസ്ഥിതിക മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ ഈ ജനിതക കണ്ടെത്തലുകൾ വഴിയൊരുക്കും. നേരത്തെ, ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിൽ മത്തി, കല്ലുമ്മക്കായ എന്നിവയുടെ സമ്പൂർണ ജനിതക രഹസ്യം കണ്ടെത്തിയിരുന്നു.
Discussion about this post