യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ടായ ലീഗ് ഘട്ടം പൂർത്തിയായി. ലിവർപൂൾ, ബാഴ്‌സലോണ, ആഴ്‌സനൽ, ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേർ ലെവർകുസൻ, ലീൽ, ആസ്റ്റൻ വില്ല എന്നീ 8 ടീമുകൾ റൗണ്ട് ഓഫ് 16ലേക്ക് നേരിട്ട് യോഗ്യത നേടി. ബാക്കി വരുന്ന 8 സ്ഥാനങ്ങൾക്കായി 16 ടീമുകൾ പ്ലേ ഓഫിൽ ഏറ്റുമുട്ടും. ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ലേക്ക് നേരിട്ട് കടന്ന എട്ട് ടീമുകളിൽ മൂന്നും പ്രീമിയർ ലീഗിൽ നിന്നുള്ളവയാണ്.
ചാമ്പ്യൻസ് ലീഗ് പോയിന്റ് ടേബിളിൽ 9 മുതൽ 24 വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് പ്ലേ ഓഫിൽ മാറ്റുരയ്ക്കുക. 15 വട്ടം ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് മറ്റ് വമ്പൻമാരായ ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, എ സി മിലാൻ, പിഎസ്ജി, യുവന്റസ് എന്നീ ക്ലബ്ബുകൾ രണ്ട് ലെഗ്ഗുകളിയായി പ്ലേ ഓഫ് കളിക്കണം. നോക്ക് ഔട്ട് രീതിയിലാണ് മത്സരങ്ങൾ.
നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ടീമുകൾ ഹോം ആൻഡ് എവേ മത്സരങ്ങളിൽ പോരാടിയ ശേഷം വിജയിച്ചാൽ റൗണ്ട് ഓഫ് 16ലേക്ക് കടക്കും. തോൽക്കുന്ന ടീം പുറത്താകും. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്തരായ റയൽ മാഡ്രിഡിനെയോ ബയേൺ മ്യൂണിക്കിനെയോ ആയിരിക്കും എതിരാളിയായി ലഭിക്കുക.
ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റ് പ്രകാരം ഇത്തവണ ലീഗ് ഘട്ടത്തിൽ ഓരോ ടീമിനും 8 മത്സരങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആദ്യ 8 ടീമുകൾ പ്രീക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത സ്വന്തമാക്കി. 9 മുതൽ 24 വരെയുള്ള ടീമുകൾ പ്ലേ ഓഫ് ബെർത്ത് നേടി. 25 മുതൽ 36 വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റ് ചാമ്പ്യൻഷിപ്പിനെ കൂടുതൽ മത്സരാധിഷ്ഠിതമാക്കിയെന്നാണ് വിലയിരുത്തൽ. പ്ലേ ഓഫിൽ ഏറ്റുമുട്ടാൻ പോകുന്ന ടീമുകളെ നാളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഫെബ്രുവരിയിലാണ് ആവേശകരമായ പ്ലേ ഓഫ് മത്സരങ്ങൾ അരങ്ങേറുക.
Discussion about this post