പ്രയാഗ്‌രാജ്: വർഷങ്ങൾക്ക് മുമ്പ് കാണാതായ ഗൃഹനാഥനെ കുംഭമേളയ്ക്കിടെ കണ്ടെത്തിയിരിക്കുകയാണ് ഝാർഗണ്ഡിലെ ഒരു കുടുംബം. 65കാരനായ ഗംഗാസാഗൾ യാദവ് ഇന്ന് ബാബാ രാജ്കുമാർ എന്ന പേര് സ്വീകരിച്ചുകൊണ്ട് അഘോരി സന്യാസിയായി ആത്മീയ പാതയിലാണ്.
1999ൽ പറ്റ്‌നയിലേക്കുള്ള യാത്രയ്ക്ക് ശേഷമാണ് ഗംഗാസാഗറിനെ കാണാതായത്. ഇക്കാലമത്രയും അദ്ദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങളായി കുംഭമേളയിൽ പങ്കെടുക്കുന്ന തങ്ങളുടെ ഒരു ബന്ധുവാണ് ഗംഗാസാഗറിനെ പോലെയൊരാളെ പ്രയാഗ്‌രാജിൽ കണ്ടെന്ന് അറിയിച്ചതെന്ന് ഗംഗാസാഗറിന്റെ ഇളയ സഹോദരൻ മുരളി യാദവ് പറയുന്നു. അദ്ദേഹം ഗംഗാസാഗറിന്റെ ചിത്രമെടുക്കുകയും തങ്ങൾക്ക് അയക്കുകയും ചെയ്തിരുന്നു. ഗംഗാസാഗറിന്റെ ഭാര്യ ധന്വാ ദേവിയും മക്കളായ കമലേഷ്, വിംലേഷ് എന്നിവരും ചേർന്ന് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനായി കുംഭമേളയിലേക്ക് പോയതായും മുരളി യാദവ് വ്യക്തമാക്കി.
എന്നാൽ, കുംഭമേളയിലെത്തി അദ്ദേഹത്തോട് തിരികെ വരാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ മുൻകാല ജീവിതവുമായുള്ള എല്ലാ ബന്ധങ്ങളും നിഷേധിച്ച അദ്ദേഹം തിരികെ വരാൻ വിസമ്മതിച്ചു. ഗംഗാസാഗർ ആണ് താനെന്ന് അംഗീകരിക്കാനും അദ്ദേഹം തയ്യാറായില്ല. വാരണാസിയിൽ നിന്നുള്ള ഒരു സാധുവാണ് താനെന്നാണ് അദ്ദേഹം ധന്വാ ദേവിയോടും മക്കളോടും പറഞ്ഞത്.
ബാബാ രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങൾ തിരിച്ചറിഞ്ഞ കുടുംബം അത് ഗംഗാസാഗർ തന്നെയാണെന്ന ഉറച്ച നിലപാടിലാണ്. ഇത് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
‘കുംഭമേള അവസാനിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. ഡിഎൻഎ ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ ഞങ്ങൾ ബാബാ രാജ്കുമാറിനോട് മാപ്പ് പറയാൻ തയ്യാറാണ്’ ഗംഗാസാഗറിന്റെ സൾോദരൻ പറഞ്ഞു.
Discussion about this post