അബുദാബി: പ്രവാസികള്‍ക്കടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയായി യുഎഇയില്‍ ഫെബ്രുവരി മുതല്‍ ഇന്ധനവില വര്‍ദ്ധിക്കുമെന്ന് വിവരം. ഇതോടെ ഇത് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാകുമെന്നും സ്വന്തമായി വാഹനമുള്ളവര്‍ക്ക് കിട്ടുന്ന ശമ്പളം മിച്ചം കാണാനുള്ള സാധ്യത പോലുമില്ലെന്നാണ് വിലയിരുത്തല്‍. ആഗോള എണ്ണവില ജനുവരിയില്‍ ബാരലിന് 81 ഡോളര്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് യുഎഇയിലും പെട്രോള്‍ വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍. താരിഫുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളിലെ അനിശ്ചിതത്വവും റഷ്യന്‍ ക്രൂഡ് കയറ്റുമതിയിലെ യുഎസ് ഉപരോധങ്ങളുമാണ് ആഗോളതലത്തില്‍ ഇന്ധനവിലക്കയറ്റത്തിന് കാരണമായത്.
കഴിഞ്ഞ ഡിസംബറില്‍ ബ്രെന്റ് ഓയിലിന് ബാരലിന് 73 ഡോളറായിരുന്നത് ജനുവരിയില്‍ 77.55 ഡോളറായി ഉയര്‍ന്നിരുന്നു. ഈ മാസം യുഎഇയില്‍ സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇ- പ്‌ളസ് പെട്രോളുകളുടെ നിരക്ക് ലിറ്ററിന് 2.61 ദിര്‍ഹം, 2.50 ദിര്‍ഹം, 2.43 ദിര്‍ഹം എന്നിങ്ങനെയായി ഉയര്‍ന്നിരുന്നു. ലിറ്ററിന് 2.68 ദിര്‍ഹമായിരുന്നു ഡീസലിന്റെ വില.
യുഎസിന്റെ പുതിയ ഉപരോധങ്ങള്‍ റഷ്യന്‍ എണ്ണ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നാണ് വിവരം. ഇത് ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി കേന്ദ്രമായ ചൈനയെയും മൂന്നാമത് ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയെയും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഇത് വിലയും ഷിപ്പിംഗ് ചെലവും വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post