ലക്‌നൗ: പ്രയാഗ്രാജിൽ തുടരുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ലിങ്ക്ഡ്ഇന്നിലാണ് അദ്ദേഹം വിശേഷം പങ്കുവച്ചത്. ഇജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യാവസരം എന്നാണ് അദ്ദേഹം കുംഭമേളയിൽ പങ്കെടുത്തതിനെ കുറിച്ച് പറഞ്ഞത്.
ഞാൻ മഹാ കുംഭമേളയിൽ പങ്കെടുത്തു, ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകത്തിന്റെയും സംഗമ സ്ഥാനമാണിത്. 144 വർഷത്തിലൊരിക്കൽ… ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരൽ. 45 ദിവസങ്ങൾക്കുള്ളിൽ 450 ദശലക്ഷം സന്ദർശകർ, പ്രയാഗ്രാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും ഈ വർഷം മഹാകുംഭം സന്ദർശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും” പീറ്റർ എൽബേഴ്സ് കുറിച്ചു. മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ ഫോട്ടോ പങ്കിടുന്നതിനോടൊപ്പം തന്നെ, ഒരു വാക്കിനും ഫോട്ടോയ്ക്കും സ്ഥലത്തിന്റെ ഊർജ്ജത്തെ അർത്ഥപൂർണമായി വിവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാരാന്ത്യത്തിൽ, റിപ്പബ്ലിക് ദിനത്തിൽ, ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകത്തിന്റെയും സംഗമസ്ഥാനം ആഘോഷിക്കുന്ന മഹാ കുംഭമേളയിൽ ഞാൻ ഉണ്ടായിരുന്നു. ഒരു വാക്കിനും വാക്യത്തിനും ചിത്രത്തിനും ഈ സ്ഥലത്തെയോ ഊർജ്ജത്തെയോ ശരിയായി വിവരിക്കാൻ കഴിയില്ല. രാവിലെ അഞ്ചുമണിക്ക് തന്നെ താൻ ത്രിവേണീ സംഗമത്തിൽ സ്‌നാനം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്ന ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുള്ളവനാണെന്നും അത് വിലമതിക്കുന്നതായും അദ്ദേഹം കുറിച്ചു. തിരക്കേറിയ സമയങ്ങളിൽ മികച്ച പ്രവർത്തനത്തനം നടത്തുന്ന പ്രയാഗ്രാജ് വിമാനത്താവളത്തിലെ ഇൻഡിഗോ ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഇതുവരെ 14.75 കോടിപ്പേർ പുണ്യസ്‌നാനം ചെയ്തുവെന്നാണ് കണക്ക്. മകരസംക്രാന്തി ദിനമായ ജനുവരി 14നായിരുന്നു ആദ്യ അമൃത സ്‌നാനത്തിന് പ്രയാഗ്‌രാജ് സാക്ഷ്യം വഹിച്ചത്.
Discussion about this post