ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി 8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഒക്ടോബർ 7 ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ എട്ടു പേരെയാണ് ഹമാസ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. ഇസ്രായേൽ സൈനിക അഗം ബെർഗർ ഉൾപ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്.
ഹമാസ് ഇന്ന് മോചിപ്പിച്ച ബന്ദികളിൽ മൂന്നുപേർ ഇസ്രായേൽ പൗരന്മാരും അഞ്ചുപേർ തായ് പൗരന്മാരും ആണ്. സൈനിക അഗം ബെർഗർ, അർബെൽ യെഹൂദ്, ഗാഡി മോസെസ് എന്നീ മൂന്ന് ഇസ്രായേലികളാണ് മോചിപ്പിക്കപ്പെട്ടവരിൽ ഉള്ളത്. റെഡ് ക്രോസിനാണ് ഹമാസ് ഇവരെ കൈമാറിയത്.
ഇസ്രായേൽ അധികാരികൾ ഇന്ന് 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ
ഇസ്രായേലിന് കൈമാറേണ്ട ബന്ദികളെ യാതൊരു സുരക്ഷയും ഇല്ലാതെ കൊണ്ടുവന്നതും പാലസ്തീനിലെ ജനക്കൂട്ടം ഇവരെ കൂകിവിളിക്കുന്നതുമായ വീഡിയോ പുറത്തുവന്നതോടെ പലസ്തീൻ തടവുകാരുടെ കൈമാറ്റം ഇസ്രായേൽ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്.
ഹമാസിൻ്റെയും ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിൻ്റെയും സായുധ പോരാളികളാൽ ചുറ്റപ്പെട്ട ഒരു വലിയ ജനക്കൂട്ടത്തിനിടയിലൂടെ ബന്ദികൾ നടന്നുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇത്തരം ഭയാനകമായ രംഗങ്ങൾ ആവർത്തിക്കില്ലെന്ന് മധ്യസ്ഥർ ഉറപ്പാക്കണമെന്നും ബന്ദികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നെതന്യാഹു വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിച്ച രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post