ഹാങ്ഝൗ: എഐ മത്സരത്തില്‍ എതിരാളികളില്ലാതെ കുതിച്ച ഡീപ്സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി വന്നിരിക്കുകയാണ്. ചൈനീസ് ടെക് ഭീമന്‍മാരായ ആലിബാബ പുതിയ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ്. ‘Qwen 2.5-Max’ എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ Qwen 2.5-Max, ഡീപ്‌സീക്കിന്റെയും ചാറ്റ്ജിപിടിയുടെയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ മറികടക്കുമെന്ന് ആലിബാബ അവകാശപ്പെട്ടു.
അതേസമയം, ഡീപ് സീക്കിനെതിരെ ഡാറ്റാ ലീക്ക് ആരോപണവുമുയര്‍ന്നു കഴിഞ്ഞു. ഡീപ്‌സീക്ക് ചാറ്റ്ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സാണ് വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഡീപ്സീക്കിന്റെ 10 ലക്ഷത്തിലധികം വരികളുള്ള ഡാറ്റ സുരക്ഷിതമല്ലാത്ത നിലയില്‍ ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ കണ്ടെത്തി എന്നാണ് വിസ്സ് വ്യക്തമാക്കിയത്. ഡീപ്സീക്ക് എഐയുടെ ഡിജിറ്റല്‍ സോഫ്റ്റ്വെയര്‍ കീകളും ചാറ്റ് ലോഗുകളും എപിഐ രഹസ്യങ്ങളും ബാക്ക്എന്‍ഡ് വിവരങ്ങളും ഇന്റര്‍നെറ്റില്‍ പരസ്യമായ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.
അതേസമയം, എഐ രംഗത്ത് ചൈനീസ് എതിരാളിയായ ഡീപ്സീക്കിനെയും ആഗോള കൊലകൊമ്പന്‍മാരായ ഓപ്പണ്‍ എഐയെയും ഗൂഗിളിനെയും മെറ്റയെയും തറപറ്റിക്കാന്‍ ലക്ഷ്യമിട്ടാണ് ആലിബാബയുടെ നീക്കം.
Discussion about this post