ന്യൂഡൽഹി : 2025-26 ബജറ്റിൽ കേന്ദ്ര സർക്കാർ ഇന്ത്യൻ റെയിൽവേയ്ക്കായി വകയിരുത്തിയത് 2.52 ലക്ഷം കോടി രൂപ. കൂടാതെ നിരവധി പുതിയ ട്രെയിനുകളുടെയും കോച്ചുകളുടെയും നിർമ്മാണത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. ബജറ്റ് റെയിൽവേയെ മെച്ചപ്പെടുത്താനുള്ള സർക്കാരിൻ്റെ നിരന്തരമായ പരിശ്രമത്തിന്റെ തുടർച്ചയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പുതിയ 200 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിനാണ് കേന്ദ്ര ബജറ്റിൽ അംഗീകാരം നൽകിയിട്ടുള്ളത്. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളുടെയും 17,500 ജനറൽ കോച്ചുകളുടെയും നിർമ്മാണത്തിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. വന്ദേ ഭാരതുകളുടെയും അമൃത് ഭാരതുകളുടെയും നിർമ്മാണം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
നാലോ അഞ്ചോ വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിലായിരിക്കും മറ്റ് പദ്ധതികളുടെ നിർമ്മാണങ്ങൾ നടത്തുക. പുതിയ ട്രെയിനുകളുടെ നിർമ്മാണം കൂടാതെ പുതിയ ലൈനുകൾ സ്ഥാപിക്കൽ, ഇരട്ടിപ്പിക്കൽ, സ്റ്റേഷൻ പുനർവികസനം, മേൽപ്പാലം, അണ്ടർ-പാസുകൾ എന്നിവയും റെയിൽവേയുടെ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post