ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ ബജറ്റ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമ്പാദ്യത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് വഴിതെളിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.’വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുന്ന ഒരു ബജറ്റ്! വികസിത് ഭാരത് ബജറ്റ് 2025′ എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തെ ബജറ്റെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ ബജറ്റ് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതായും ഓരോ പൗരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതായും അഭിപ്രായപ്പെട്ടു. യുവാക്കൾക്കായി നിരവധി മേഖലകൾ തുറന്നു നൽകിയിട്ടുണ്ടെന്നും വികസിത ഭാരതം എന്ന ദൗത്യത്തെ സാധാരണക്കാർ മുന്നോട്ടു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വർധിപ്പിക്കുന്ന, കരുത്തു പതിന്മടങ്ങു വർധിപ്പിക്കുന്ന ഒന്നാണ് ഈ ബജറ്റെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ‘ജനകീയ ബജറ്റിന്’ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
സാധാരണയായി, സർക്കാരുകൾ ഖജനാവ് എങ്ങനെ നിറയ്ക്കാം എന്നതിലാണു ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, പൗരന്മാരുടെ കീശ എങ്ങനെ നിറയ്ക്കാം, അവരുടെ സമ്പാദ്യം എങ്ങനെ വർധിപ്പിക്കാം, രാജ്യത്തിന്റെ വികസനത്തിൽ അവരെ എങ്ങനെ പങ്കാളികളാക്കാം എന്നതിലാണ് ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് ഈ ലക്ഷ്യങ്ങൾക്ക് അടിത്തറയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post