ന്യൂഡൽഹി : ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ പുതുതായി സ്ഥാപിക്കപ്പെട്ട മുരുക ക്ഷേത്രമായ ശ്രീ സനാതന ധർമ്മ ആലയത്തിൻ്റെ മഹാ കുംഭാഭിഷേകത്തോടനുബന്ധിച്ച ചടങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയാണ് മോദി ചടങ്ങിന്റെ ഭാഗമായത്. ഇന്തോനേഷ്യയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഇന്തോനേഷ്യയിലെ ജനങ്ങളോട് സംസാരിച്ചു.
ഇന്ത്യയും ഇന്തോനേഷ്യയും രാഷ്ട്രീയ സഖ്യകക്ഷികൾ മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിൽ സാംസ്കാരികമായി അടുത്ത ബന്ധമാണുള്ളതെന്ന് മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വർഷത്തെ ചരിത്രമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൈതൃകം, ശാസ്ത്രം, വിശ്വാസം, ആത്മീയത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ബന്ധത്തിൽ മുരുകനും ശ്രീരാമനും ബുദ്ധനും ഉൾപ്പെടുന്നു. ഇന്ത്യയിലെ വാൽമീകി രാമായണം, കമ്പ രാമായണം, രാമചരിതമാനസ് എന്നിവ പോലെയുള്ള അതേ വികാരങ്ങൾ തന്നെയാണ് ഇന്തോനേഷ്യയിൽ പ്രചാരത്തിലുള്ള കാകവിൻ, സെറാത്ത് രാമായണ കഥകൾ പങ്കുവെക്കുന്നത് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
“ബാലിയിലെ ‘ഓം സ്വസ്തി-അസ്തു’ കേൾക്കുന്നത് ഭാരതത്തിലെ വേദപണ്ഡിതരുടെ അനുഗ്രഹങ്ങളെക്കുറിച്ച് ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നതാണ്. ഇന്തോനേഷ്യയിലെ ബോറോബുദൂർ സ്തൂപം ഇന്ത്യയിലെ സാരാനാഥിലും ബോധഗയയിലും കാണുന്ന ബുദ്ധൻ്റെ അതേ ആശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരുകാലത്ത് ഇന്ത്യയെയും ഇന്തോനേഷ്യയെയും സാംസ്കാരികമായും വാണിജ്യപരമായും ബന്ധിപ്പിച്ചിരുന്ന പുരാതന സമുദ്രയാത്രകളെ ആണ് ഒഡീഷയിലെ ബാലി ജാത്ര ഉത്സവത്തിലൂടെ ആഘോഷിക്കുന്നത്. ജക്കാർത്തയിലെ പുതിയ മഹത്തായ മുരുക ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിന് ഒരു പുതിയ സുവർണ അദ്ധ്യായം ചേർക്കുന്നു. വിശ്വാസത്തിൻ്റെയും സാംസ്കാരിക മൂല്യങ്ങളുടെയും ഒരു പുതിയ കേന്ദ്രമായി ഈ ക്ഷേത്രം മാറും” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ജക്കാർത്തയിൽ നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ, പ്രധാനമന്ത്രി ജോക്കോ വിഡോഡോ, മുരുക ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിംഗ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും പ്രമുഖർ, പുരോഹിതന്മാർ, ആചാര്യന്മാർ, ഇന്ത്യൻ ഡയസ്‌പോറ അംഗങ്ങൾ എന്നിവരും പങ്കെടുത്തു. തലസ്ഥാനത്തെ നഗരഹൃദയത്തിലായി ശ്രീ സനാതന ധർമ്മ ആലയം എന്ന പേരിൽ ഒരു ഹിന്ദു ക്ഷേത്രവും കുമാര ദർശൻ മണ്ഡപം എന്ന മൾട്ടി പർപ്പസ് ഹാളും കൂടിയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇന്തോനേഷ്യയിലെ ഇന്ത്യൻ സംസ്കാരത്തിൻ്റെ മ്യൂസിയവും 2000 ഹിന്ദുമത പുസ്‌തകങ്ങളുള്ള ലൈബ്രറിയും ഗുരുകുല ഭവനവും ശ്രീ സനാതന ധർമ്മ ആലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post