ന്യൂഡൽഹി : ഡൽഹിയിലെ ആർകെ പുരത്ത് നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭരണസംവിധാനത്തിന്റെ പോരായ്മക്കെതിരെ സമ്മേളനത്തിൽ പ്രധാനമന്ത്രി രൂക്ഷമായ വിമർശനമുന്നയിച്ചു. കള്ളങ്ങൾ പ്രചരിപ്പിക്കുക മാത്രമാണ് ആം ആദ്മി പാർട്ടി ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചൂലിന്റെ കെട്ടഴിഞ്ഞ് ചിതറി വീണു എന്നാണ് ആം ആദ്മി പാർട്ടി എംഎൽഎമാരുടെ പാർട്ടി മാറ്റത്തെക്കുറിച്ച് മോദി അഭിപ്രായപ്പെട്ടത്. വസന്ത പഞ്ചമി എത്തുമ്പോൾ തന്നെ കാലാവസ്ഥ മാറാൻ തുടങ്ങും. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ ‘വികസനത്തിൻ്റെ പുതിയ വസന്തം വരാൻ പോകുന്നു’. ഇത്തവണ ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുകയാണ് എന്നും പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്ര ബജറ്റ് രാജ്യത്തെ സാധാരണക്കാർക്ക് വലിയ സന്തോഷം ഉണ്ടാക്കിയെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് എന്നും മോദി അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ കാലം മുതൽ രാജ്യത്തെ മധ്യവർഗ്ഗം തങ്ങളുടെ വരുമാനത്തിന്റെ പകുതിയോളം നികുതിയായി നൽകി വരികയായിരുന്നു. 12 വർഷങ്ങൾക്കു മുൻപ് യുപിഐ സർക്കാർ ഭരിക്കുമ്പോൾ 12 ലക്ഷം രൂപ വരുമാനമുള്ളവർ 2,60,000 രൂപ നികുതിയായി അടക്കേണ്ടിവന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തോടെ 12 ലക്ഷം രൂപ വരെ വരുമാനം ഉള്ള ആരും ഒരു രൂപ പോലും നികുതിയായി അടയ്ക്കേണ്ട എന്നും മോദി വ്യക്തമാക്കി.
കേന്ദ്ര ബജറ്റിൽ ബീഹാറിന് സഹായ പദ്ധതികൾ പ്രഖ്യാപിച്ചതിൽ ആം ആദ്മി പാർട്ടിക്ക് വലിയ ദുഃഖം ആണുള്ളത് എന്നും മോദി പറഞ്ഞു. ബീഹാറിൽ നിന്നുള്ള നിരവധി പേർ ഡൽഹിയിൽ തൊഴിലാളികളായി ഉണ്ട്. അവരുടെ അധ്വാനം കൂടി കൊണ്ടാണ് ഡൽഹിയിലെ ഓരോ കാര്യങ്ങളും മുന്നോട്ടു പോകുന്നത്. എന്നാൽ കോവിഡ് മഹാമാരി പോലെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഡൽഹിയിലെ സർക്കാർ ബീഹാറിലെ ജനങ്ങളെ അവരുടെ നാട്ടിലേക്ക് തന്നെ ഓടിക്കും. അങ്ങനെയുള്ളവർ എന്ത് പറഞ്ഞാലും ബീഹാറിനും മറ്റു പിന്നോക്ക സംസ്ഥാനങ്ങൾക്കുമുള്ള സഹായം കേന്ദ്രസർക്കാർ തുടരുക തന്നെ ചെയ്യും എന്നും മോദി വ്യക്തമാക്കി.
Discussion about this post