കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ നിയമങ്ങളെ വിമർശിക്കുകയും അതോർത്ത് കണ്ണീരണിയുകയും ചെയ്ത മന്ത്രിക്കെതിരെ വിമർശനം ശക്തം. താലിബാൻ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് നബി ഒമാരിക്കെതിരെയാണ് വിമർശനം ശക്തമാകുന്നത്. ഇയാൾ അറസ്റ്റും മറ്റ് കടുത്ത നടപടികളും ഭയന്ന് ഗൽഫ് രാജ്യത്തിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തിനിടെ ഒമാരി പൊട്ടിത്തെറിക്കുന്നതായി വ്യക്തമാണ്. സ്‌കൂളുകൾ വീണ്ടും തുറക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ”എനിക്ക് അറിയാവുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഒരു മതപരമായ ബാധ്യതയോ പാരമ്പര്യമോ അല്ലെങ്കിലും, അത് അനുവദനീയമാണ് എന്നാണ്.” ഈ പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെ, അദ്ദേഹം വികാരാധീനനായി കണ്ണീർ വാർക്കുന്നതും തുടയ്ക്കുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു. ഒരു സ്‌കൂളിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. മതപഠനം ആവശ്യമാണ്. അതിനോടൊപ്പം തന്നെ ശാസ്ത്രവും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താലിബാന്റെ തീവ്ര നയങ്ങൾ ഭാവി തലമുറകളെ ”പേരിൽ മാത്രം മുസ്ലീം” ആക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്‌കൂൾ അടച്ചുപൂട്ടലിനെ പരസ്യമായി അപലപിച്ചതിനെ തുടർന്ന് താലിബാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്സായി അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തരസഹമന്ത്രിയുടെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 20 ദശലക്ഷം അഫ്ഗാനികളുടെ അവകാശങ്ങൾ അടിച്ചമർത്തലിനെതിരെ സംസാരിച്ചതിന് ശേഷം, താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ വിദേശകാര്യസഹമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ്, താലിബാൻ പ്രതിരോധ മന്ത്രിയുടെ സഹായത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ സംഭവവികാസങ്ങൾക്കിടയിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെ വിമർശിച്ച് മുഹമ്മദ് നബി ഒമാരിയും രംഗത്തെത്തിയത്.
Discussion about this post