ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നീക്കവുമായി ഒഡീഷ സര്‍ക്കാര്‍. സാധുത ഉള്ള ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിന്ന് തന്നെ പിഴ നല്‍കുന്ന ഇ-ഡിറ്റക്ഷന്‍ സംവിധാനമാണ് ഒഡീഷ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) ഒരുക്കിയിരിക്കുന്നത്.
ഈ ഫെബ്രുവരി ഒന്നു മുതലാണ് സംസ്ഥാനത്തെ 22 ടോള്‍ ഗേറ്റുകളില്‍ ഇ-ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തി സ്വയം ഇ-ചലാന്‍ നല്‍കുമെന്നാണ് ഒഡീഷ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചത്. മോട്ടര്‍ വാഹന നിയമപ്രകാരം ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം റോഡില്‍ ഇറക്കിയാല്‍ ആദ്യ പ്രാവശ്യം 2000 രൂപ പിഴയോ മൂന്ന് മാസം തടവോ. വീണ്ടും ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴയോ മൂന്ന് മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്.
റോഡപകടങ്ങളില്‍പ്പെട്ട പലര്‍ക്കും കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. അതേസമയം ഇതാദ്യമായല്ല ഇ-ഡിറ്റക്ഷന്‍ സംവിധാനം നടപ്പാക്കുന്നത്. ഏതാനും മാസം മുമ്പ് ബീഹാര്‍ സര്‍ക്കാരും സംസ്ഥാനത്തെ നിരവധി ടോള്‍ പ്ലാസകളില്‍ സമാനമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇ-ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിച്ച് ആദ്യ ആഴ്ച്ച തന്നെ 16,755 നിയമലംഘകരെ കണ്ടെത്തിയിരുന്നു.
Discussion about this post