മനുഷ്യായുസിലെ ഏറ്റവും സുന്ദരമായ വികാരമാണ് പ്രണയം. എല്ലാ നിർവ്വചനങ്ങൾക്കും അധീതം. പെട്ടെന്ന് ഒരാളോട് പറഞ്ഞുഫലിപ്പിക്കാൻ കഴിയാത്ത അത്ര അടുപ്പം തോന്നുന്നു,പിന്നെ അവരെ എത്ര കണ്ടാലും മതിവരാത്തത് പോലെ, പറയാൻ കഥകൾ ബാക്കിയുള്ളത് പോലെ ,ഒരുമിച്ച് കേൾക്കാൻ ഇനിയേറെ പാട്ടുകൾ ഉള്ളത് പോലെ,യോജിപ്പുകളും വിയോജിപ്പുകളും ഒരുപോലെ.. സുന്ദരം പ്രണയാർദം. എന്നാൽ ഇന്ന് രണ്ട് പേർ തമ്മിലുള്ള മാനസിക,വൈകാരിക,ശാരീരിക അടുപ്പത്തെ പ്രണയം എന്ന ഒറ്റ പേരിൽ അല്ല ലോകം നിർവ്വചിക്കുന്നത്.
ഡേറ്റിംഗ് എന്നത് ഇന്നത്തെ കാലത്ത് വളരെ സാധാരണമായ പ്രയോഗവും രീതിയും ഒക്കെയായി മാറി കഴിഞ്ഞു. രണ്ട് പേർ ഡേറ്റ് ചെയ്യുന്നു എന്നത് ഇന്ന് എല്ലാവരും സ്വാഭാവികമായി സംഭവിക്കുന്ന ഒന്ന് എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ലോകം വളർന്നു കഴിഞ്ഞു. പരസ്പരം നന്നായി അറിയുക, സന്തോഷം പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെ രണ്ടുപേർ സമയം ചെലവിടുന്നതിനെ ഡേറ്റിംഗ് എന്ന് വിളിക്കുന്നു. കോഫ് ഡേറ്റിംഗ് മുതൽ നൈറ്റ് ഡേറ്റിംഗ് വരെ ഇന്ന് പ്രചാരത്തിലുണ്ട്. ഡേറ്റിംഗിൽ അത്താഴത്തിന് പോകുക, ഒരു സിനിമ കാണുക, നടക്കുക, അല്ലെങ്കിൽ രണ്ട് വ്യക്തികൾക്ക് പരസ്പരം നന്നായി ഇടപഴകാനും പരസ്പരം നന്നായി അറിയാനും അനുവദിക്കുന്ന മറ്റേതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാം. ഇങ്ങനെയൊക്കെയാണെങ്കിലും പുതുതലമുറയുടെ പല പ്രയോഗങ്ങളും എളുപ്പം മനസിലായിക്കൊള്ളണമെന്നില്ല. പ്രണയത്തിനും ഡേറ്രിംഗിനും മറ്റ് ബന്ധങ്ങൾക്കുമെല്ലാം പലവിധ പേരുകളാണ് നൽകിയിരിക്കുന്നത്. ഈ ആധുനിക കാലത്ത് അവയറിയാതെ തരമില്ലതാനും.
ഇതിൽ യുവതലമുറയിൽപ്പെട്ടവർക്കിടയിൽ ട്രെൻഡിംഗായ ഒരു തരം ബന്ധം ആണ് സോളോ പോളിയാമോറി. ഇത്തരം ബന്ധം പുലർത്തുന്നവരോട് ഒറ്റയ്ക്കാണോ എന്ന് ചോദിച്ചാൽ അതെ, എന്നും എന്നാൽ പ്രണയമുണ്ടോയെന്ന് ചോദിച്ചാൽ ഒന്നിലധികം എന്നും ആണ് ഉത്തരം ലഭിക്കുക. പ്രണയബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും കെട്ടുപാടുകൾ ചുമക്കാൻ ഇത്തരക്കാരെ കിട്ടില്ല. വ്യക്തിതാത്പര്യങ്ങൾക്കാണ് മുൻതൂക്കവും പ്രാധാന്യവും. എന്റെ ജീവിതം, എന്റെ താത്പര്യം, എന്റെ നിയമങ്ങൾ എന്നതാണ് ഇവരുടെ ജീവിതശൈലി. ഒരേ സമയം ഒന്നിലധികം പ്രണയപങ്കാളികൾ വേണമെന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. എന്നാൽ അവരിൽ ആരോടും ഒരു തരത്തിലുമുള്ള ബാധ്യതകളും വയ്ക്കാൻ ഇഷ്ടമല്ല,മാനസിക അടുപ്പം പോലും സൂക്ഷിക്കാൻ താത്പര്യമില്ല. വിവാഹം, കുട്ടികൾ, സാമ്പത്തിക പങ്കാളിത്തം, ഇതൊന്നും ഇത്തരം റിലേഷൻഷിപ്പിൽ ഉണ്ടാകില്ല. സ്വന്തം ജീവിത ലക്ഷ്യങ്ങൾക്കും വളർച്ചയ്ക്കും സന്തോഷത്തിനും പ്രണയ ബന്ധങ്ങൾ ഒരിക്കലും തടസ്സമാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് സോളോപോളിയാമോറി തിരഞ്ഞെടുക്കുന്നത്. പ്രണയപങ്കാളിയുടെ ആവശ്യങ്ങളെയും വികാരങ്ങളെയും അവഗണിക്കാറില്ലെങ്കിലും സ്വന്തം വ്യക്തിതാത്പര്യത്തിന് മുന്നിൽ എല്ലാം നിഷ്പ്രഭമാകും. തങ്ങളുടെ ബന്ധം ഏതെങ്കിലും പേരുപയോഗിച്ച് നിർവചിക്കപ്പെടുന്നതിൽ തീരെ താൽപര്യം കാട്ടാറില്ല.പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് സോളോ പോളിയാമോറി ജീവിതശൈലി തെരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post