ലഖ്‌നൗ : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ പ്രഭാവം അയോധ്യയിലെ രാമ ക്ഷേത്രത്തിലും ദൃശ്യമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഒരു കോടിയിലേറെ ഭക്തരാണ് രാമ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മഹാ കുംഭമേളയ്ക്കായി എത്തുന്ന തീർത്ഥാടകർ രാമക്ഷേത്രത്തിൽ കൂടി ദർശനം നടത്തിയാണ് മടങ്ങുന്നത്.
പ്രയാഗ്‌രാജിൽ നിന്നും 165 കിലോമീറ്ററോളം ദൂരമാണ് അയോധ്യ രാമക്ഷേത്രത്തിലേക്ക് ഉള്ളത്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ഉത്തർപ്രദേശിൽ മഹാകുംഭമേളയോടൊപ്പം തന്നെ പ്രധാന ക്ഷേത്രങ്ങളിലും ദർശനം നടത്താനായി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അയോധ്യ രാമക്ഷേത്രത്തിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും അടക്കം വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
മഹാകുംഭത്തിനെത്തുന്ന ഭക്തർ അയോധ്യയിലും എത്തുമെന്ന് നേരത്തെ തന്നെ ഉത്തർപ്രദേശ് സർക്കാർ കണക്കുകൂട്ടിയിരുന്നു. ഇതിനായി അയോധ്യയിലെ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണമെന്നാണ് യോഗിയുടെ നിർദ്ദേശം. ദിവസവും 18 മണിക്കൂർ സമയമാണ് അയോധ്യ രാമക്ഷേത്രം തുറന്നിരിക്കുന്നത്. രാമക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഹനുമാൻ ഗാർഗിയിലും ദർശനം നടത്തിയ ശേഷമാണ് മടങ്ങുന്നത്.
Discussion about this post