ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുത്ത് ഹരിയാന പോലീസ്. ഹരിയാനയിലെ ഷഹ്ബാദ് പോലീസ് സ്റ്റേഷനിൽ ആണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യമുനയിൽ വിഷം കലക്കി എന്ന തന്റെ പ്രസ്താവനയിലൂടെ കെജ്രിവാൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അഭിഭാഷകൻ ജഗ്‌മോഹൻ മൻചന്ദ ആണ് അരവിന്ദ് കെജ്രിവാളിനെതിരെ പരാതി നൽകിയിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്നത് കൂടാതെ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള പ്രസ്താവനകൾ നടത്തിയെന്നും കെജ്രിവാളിനെതിരായ പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 192, 196, 197, 248-എ, 299 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഹരിയാനയിലെ ജനങ്ങളുടെയും കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസത്തിന്റെ പ്രതീകമാണ് യമുന നദിയെന്നും കെജ്‌രിവാളിന്റെ പ്രസ്താവന ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഉയർന്ന പൊതു ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും വരാൻ പാടില്ലാത്ത ഒരു പ്രസ്താവന ആയിരുന്നു അത്. രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങൾക്കിടയിലെ ഐക്യം ഇല്ലാതാക്കുകയും പൊതുജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് കെജ്രിവാൾ നടത്തിയിരിക്കുന്നത് എന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post