മനുഷ്യകുലത്തോളം പഴക്കമുള്ളതാണ് കുടിയേറ്റം. ഉപജീവനത്തിനായി,അതിജീവനത്തിനായി,ജനിച്ച മണ്ണിൽ നിന്നും കയ്യിൽ കിട്ടിയതും കൊണ്ട് പലായനം ചെയ്ത് പുതിയ മണ്ണിൽ വേരുറപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരാണ് കുടിയേറ്റക്കാർ. അവരിൽ ചിലർ പുതിയ മണ്ണിൽ വേരുകളാഴ്ത്തി വൻവൃക്ഷമായി മാറും,മറ്റുചിലരാകട്ടെ പറിച്ചുനടലിന്റെ ആഘാതത്തിൽ തായ് വേര് പോലും നഷ്ടപ്പെട്ട അവസ്ഥയിൽ എവിടെയും നിലയുറപ്പിക്കാനാവാതെ കരിഞ്ഞുണങ്ങും. ഇത് കുടിയേറുന്നവരുടെ കാര്യം. എന്നാൽ ഇവർ ഉപേക്ഷിക്കുന്ന മണ്ണിന്റെയും ഇവരെ സ്വീകരിക്കാൻ നിർബന്ധിതരാകുന്ന മണ്ണിന്റെയും അവസ്ഥയെന്താണ്? ഉപേക്ഷിച്ച് പോയവരാൽ സ്വന്തം സ്വത്വം നഷ്ടപ്പെട്ട് ശ്മശാനഭൂമിയ്ക്ക് സമാനമായിമാറിയ പ്രദേശം ഒരു ഭാഗത്തും, പുതിയ സംസ്‌കാരവും ജീവിതരീതികളും ഭാഷയും കൊണ്ട് ,എല്ലാരീതിയിലും വ്യത്യസ്തരായവരെ പൂർണമായി ഉൾക്കൊള്ളാനാവാതെ വീർപ്പുമുട്ടുന്ന ഒരിടം മറുഭാഗത്തും ഉയർന്നുവരും.
ഉപേക്ഷിക്കപ്പെട്ട മണ്ണിനേക്കാൾ ഏറെ പ്രയാസം പലപ്പോഴും കെട്ടുംഭാണ്ഡവുമായി അനധികൃതമായി എത്തുന്നവരെ ഉൾക്കൊള്ളാൻ നിർബന്ധിതരായ പ്രദേശങ്ങൾക്കാവും. അതുവരെ ഒരു സന്തുലിതാവസ്ഥയിൽ പോയി കൊണ്ടിരുന്നയിടത്തേക്ക് അടിമുടി വ്യത്യസ്തരായവർ എത്തുമ്പോഴുണ്ടാകുന്ന സാമ്പത്തികവും സാംസ്‌കാരികവും ക്രമസമാധാനപരവും ആയ വിള്ളലുകൾ അവിടെ അതുവരെ ഉണ്ടായിരുന്ന ജനതയെ കൂടി ബാധിക്കും.
അത്തരമൊരു ഭീഷണിയാണ് വാൾമുനപോലെ ഇന്ത്യയ്ക്ക് മേൽ ഇപ്പോൾ ഉയർന്നുവരുന്നതും. ഈ ഭീഷണി ഉയർന്നു വരുന്നതാകട്ടെ ഒരുകാലത്ത് നാം പണവും ആൾബലവും കൊടുത്ത് സഹായിച്ച ഇടത്ത് നിന്നും. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണ് വളർച്ചയുടെ പാതയിൽ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സൈ്വര്യം കെടുത്തുന്നത്.
ഏറെ ചർച്ചയായ സർബാനന്ദ സോനോവാൾ കേസിൽ രണ്ട് പതിറ്റാണ്ട് മുൻപ് കൃത്യമായി പറഞ്ഞാൽ 2005 ജൂലൈ 12 ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയാണ്.”ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം എത്രയാണെന്ന് എന്നത് യാഥാർത്ഥ്യ ബോധത്തോടെ കണക്കാക്കാൻ പ്രയാസമാണ്, കാരണം അവർ രാജ്യത്തേക്ക് രഹസ്യമായി പ്രവേശിക്കുകയും വംശീയവും ഭാഷാപരവുമായ സമാനതകൾ കാരണം പ്രാദേശിക ജനങ്ങളുമായി എളുപ്പത്തിൽ ഇടപഴകുകയും ചെയ്യുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം കാരണം, ആ രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ജനസംഖ്യാഘടനയിൽ മാറ്റം വന്നിട്ടുണ്ട്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന അസം, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ ഉയർന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മേഘാലയ,മിസോറാം,ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ജനസംഖ്യാ വളർച്ചാനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറുന്നതിനുള്ള ഒരു ഇടനാഴിയായി പശ്ചിമമബംഗാളിനെ ഉപയോഗിച്ചുവരുന്നു”
വർഷങ്ങൾക്കിപ്പുറം, ഷെയ്ഖ് ഹസീനസർക്കാരിന്റെ പതനത്തിന് ശേഷം അതിനേക്കാൾ ഭീകരമാണ് ഇന്ത്യ നേരിടുന്ന, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റ ഭീഷണി..ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ സംസ്ഥാനങ്ങൾക്ക് മാത്രമല്ല, തെക്കേ അറ്റത്തുള്ള കൊച്ചുകേരളത്തിലേക്ക് വരെ ആ ഭീഷണിയുടെ നിഴലെത്തിയിട്ടുണ്ട്. ഈ കഴിഞ്ഞ ജനുവരി മാസത്തെ കണക്കുകൾ വെറുതെ പരിശോധിച്ചാൽ മാത്രം 50 ലേറെ ബംഗ്ലാദേശി പൗരന്മാരെയാണ് ഒരു രേഖയും ഇല്ലാതെ പിടികൂടിയത്. അതിൽ കൊച്ചിയിൽ നിന്ന് ഒറ്റ പരിശോധനയിൽ നിന്ന് മാത്രം 27 ബംഗ്ലാദേശ് പൗരന്മാരെയാണ് പിടികൂടിയത്. ഇവരിൽ പലരുടെയും കയ്യിൽ വ്യാജ ആധാർകാർഡും മറ്റ് രേഖകളും വരെ ഉണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നമ്മളോടൊപ്പം, നമ്മളിലൊരാളെന്ന വ്യാജേന അനധികൃതമായി ഇവർ ജീവിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമാണ്.
കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഉണ്ടായ തിക്താനുഭവങ്ങൾ മാത്രം പരിശോധിച്ചാൽ മതി, ഭീഷണിയുടെ ആഴമെത്രയെന്ന് മനസിലാക്കാൻ. കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെയാണ് ഈ നിയമവിരുദ്ധ കുടിയേറ്റം സാരമായി മാറ്റിമറിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ ആധിപത്യം തദ്ദേശീയരായ ജനങ്ങളുടെ ജീവിതത്തെ നൂൽപ്പാലത്തിലാക്കി. അവരുടെ അവകാശങ്ങളെയും സംസ്‌കാരത്തെയും ജനാധിപത്യ പ്രാതിനിധ്യത്തെയും പോലും സാരമായി ബാധിച്ചു. മേഖലയിലെ വർദ്ധിച്ചുവരുന്ന തീവ്രവാദവും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളും ജനസംഖ്യാശാസ്ത്രത്തിലെ മാറ്റത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണെന്ന് പറയാം. വ്യാജ കറൻസി റാക്കറ്റുകളും ലെെംഗികാവശ്യത്തിനായി മനുഷ്യക്കടത്തും ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്.
ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം ഡൽഹി-എൻസിആറിന്റെ സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ ഘടനയെ മാറ്റി മറിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ജെഎൻയു റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത കുടിയേറ്റി മുസ്ലീം ജനസംഖ്യാഘടനയിലാണ് ഗണ്യമായ വർദ്ധനവുണ്ടാക്കിയത്. ഇത് മാത്രമല്ല അനധികൃത കുടിയേറ്റം, നഗരത്തിലെ സമ്പദ് വ്യവസ്ഥയെയും മാറ്റിമറിച്ചുവെന്നും വിഭവങ്ങളുടെ അളവ് കുറച്ചുവെന്നും ക്രിമിനൽ ശൃംഖലകളെ ശക്തിപ്പെടുത്തിയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കുടിയേറ്റക്കാരുടെ സാന്നിധ്യം തൊഴിൽ രംഗത്തെ മത്സരം ശക്തിപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ, വീട്ടുജോലി, കൃഷി എന്നിവയുൾപ്പെടെ കുറഞ്ഞ വേതനമുള്ള, അവിദഗ്ധ തൊഴിൽ ജോലികളിലാണ് ഈ അനധികൃത കുടിയേറ്റക്കാർ പലപ്പോഴും ജോലി ചെയ്യുന്നത്. അവരുടെ പങ്കാളിത്തം തൊഴിൽമേഖലകളിലെ വേതനം കുറയ്ക്കാൻ കാരണമായി. ഇത് നിയമാനുസൃത തൊഴിലാളികളിൽ കൂടുതൽ ഭാരമുണ്ടാക്കുന്നു.
അനധികൃത കുടിയേറ്റം വർധിച്ചത് നഗരപ്രദേശങ്ങളിൽ തിരക്ക് വർധിക്കുന്നതിനും പരിസ്ഥിതിയുടെ തകർച്ചയ്ക്കും വെള്ളം, വൈദ്യുതി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതും ബുദ്ധിമുട്ടിലാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. താമസസ്ഥലവും ജോലിയും ഉറപ്പാക്കുന്നതിനായി ബ്രോക്കർമാർ, ഏജന്റുമാർ, മത പ്രഭാഷകർ എന്നിവർ ഉൾപ്പെടുന്ന അനൗപചാരിക ശൃംഖലകളെയാണ് കുടിയേറ്റക്കാർ ആശ്രയിക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖകൾ സൃഷ്ടിക്കുന്നതിനും ഈ ശൃംഖലകൾ സഹായിക്കുന്നുണ്ട്. ഇത് അനധികൃതചേരികളുടെയും കോളനികളുടെയും വ്യാപനത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട്.
ബംഗ്ലാദേശുമായി ഇന്ത്യ 4,000 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നതിനാൽ ഇരു രാജ്യങ്ങളിലുടനീളമുള്ള ആളുകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വിവിധ കണക്കുകൾ പ്രകാരം, നിലവിൽ 20 ദശലക്ഷത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. വിവിധ സമയങ്ങളിലായി നടത്തിയ അന്വേഷണത്തിൽ, നിരവധി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും ഇന്ത്യയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള ബന്ധം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പല സന്ദർഭങ്ങളിലും, ഈ കുടിയേറ്റക്കാർക്ക് ആഭ്യന്തരവും അന്തർദേശീയവുമായ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.. ഇത് ഇന്ത്യയിലെ സുരക്ഷാ മേഖലയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, കുറഞ്ഞ വേതന തൊഴിലാളികളെന്ന നിലയിൽ, കുടിയേറ്റക്കാരിൽ പലരും ചേരികളിൽ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്, അവിടെ ക്രിമിനൽ സംഘങ്ങളുടെ ചൂഷണം വ്യാപകമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമോ തീവ്രമായ പ്രത്യയശാസ്ത്രങ്ങൾ മൂലമോ നയിക്കപ്പെടുന്ന നിരവധി കുടിയേറ്റക്കാർ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, അല്ലെങ്കിൽ ഭീകര സംഘടനകളുടെ സ്ലീപ്പർസെൽസുകളായും മാറുന്നു.
മനുഷ്യാവകാശപ്രവർത്തകരും ചില രാഷ്ട്രീയ പാർട്ടികളും ന്യായീകരിക്കുന്നത് പോലെ, മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾക്കായുള്ള, നിയന്ത്രണങ്ങളാൽ കവചിതമായ,നിയമപരമായ കുടിയേറ്റം വ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നില്ല. എന്നാൽ ശരിയായ രേഖകളോ വിസയോ പോലും ഇല്ലാതെയുള്ള നിയമവിരുദ്ധ കുടിയേറ്റം പ്രശ്‌നം തന്നെയാണ്. ഇവർ ആരാണ്, ഏത് തരക്കാരാണ്? ഇവരുടെ സാംസ്‌കാരിക,ജീവിത,ക്രിമിനൽ പശ്ചാത്തലം എന്നിവ എങ്ങനെയാണ് തിരിച്ചറിയുക? വിശപ്പും ദാരിദ്ര്യവും കൊണ്ടാണ് ബംഗ്ലാദേശികൾ ഇന്ത്യയിലേക്കെത്തുന്നതെന്നും അനധികൃത കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കണമെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ വാശിപിടിച്ചത് പോലെ, നിർബന്ധം പിടിക്കുക എങ്ങനെയാണ്?
അനധികൃത കുടിയേറ്റത്തിനെതിരായ നടപടികൾ നിലവിൽ സുപ്രീംകോടതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ ‘കണ്ടെത്തുക, തടങ്കലിൽ വയ്ക്കുക, നാടുകടത്തുക’ എന്ന നയം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ ഭീഷണി തടയുന്നതിൽ ആഭ്യന്തര മന്ത്രാലയം ഗൗരവത്തോടെയാണ് ഇടപെടുന്നത്. എന്നിരുന്നാലും, ഇത് ഒരു സർക്കാർ പ്രശ്നം മാത്രമല്ല, ഒരു സാമൂഹിക പ്രശ്നമാണെന്ന് നാം ഓർമ്മിക്കേണ്ടതാണ്. ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റത്തെ കൂട്ടായ പ്രതികരണം ആവശ്യമുള്ള ഒരു ദേശീയ സുരക്ഷാ പ്രശ്നമായി നാം കണക്കാക്കണം. എല്ലാ സർക്കാർ, സാമൂഹിക പ്രവർത്തകരും ജാഗ്രത പാലിക്കുകയും ഈ ഭീഷണിയെ നേരിടാൻ നമ്മളെക്കൊണ്ടാവുന്നത് ചെയ്യുകയും വേണം.
Discussion about this post