അബുദാബി: ചൈനയും ജപ്പാനുമൊക്കെ ജനസംഖ്യാനിരക്കില്‍ വലിയ കുറവ് നേരിടുകയാണ്. ഇത് പരിഹരിക്കാനായി ഭരണകൂടങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യമായ യുഎഇയും സമാന പാതയിലാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ യുഎഇയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ലോക ഫെര്‍ട്ടിലിറ്റി റിപ്പോര്‍ട്ട് 2024 പ്രകാരം യുഎഇയിലെ ഒരു സ്ത്രീയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് 1994 3.76 ആയിരുന്നത് 2024ല്‍ എത്തിയപ്പോള്‍ 1.21 ആയി കുറഞ്ഞു. അതായത് പകുതിയേക്കാള്‍ താഴെ എന്നാല്‍ 2054ഓടെ ഓരോ സ്ത്രീയുടെയും ഫെര്‍ട്ടിലിറ്റി നിരക്ക് 1.34 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് പരിഹരിക്കുന്നതിനായി കുടുംബ മന്ത്രാലയം രൂപീകരിച്ചിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. യുഎഇ പൗരന്മാര്‍ക്കിടയില്‍ കുടുംബ രൂപീകരണം, കുടുംബ ശാക്തീകരണം തുടങ്ങിയവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ജനനനിരക്ക് കുറയുന്നതിന്റെ പ്രധാന കാരണമായി യുഎഇയിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് യുഎഇ നിവാസികളുടെ ജീവിതരീതികളാണ്. വിട്ടുമാറാത്ത രോഗങ്ങള്‍, പരിസ്ഥിതി മലിനീകരണം, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകളുമായുള്ള സമ്പര്‍ക്കം എന്നിവയും ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യുഎഇയിക്ക് സമാനമായ പ്രതിസന്ധിയാണ് മറ്റ് അറബ് രാജ്യങ്ങളും നേരിടുന്നത്. ഏറ്റവും വലിയ ജനസംഖ്യയുള്ള ജിസിസി രാജ്യമായ സൗദി അറേബ്യയില്‍, ഫെര്‍ട്ടിലിറ്റി നിരക്ക് 1994ല്‍ ഒരു സ്ത്രീക്ക് 5.16 എന്നത് 2024ല്‍ 2.31 ആയി കുറഞ്ഞു.
Discussion about this post