കുവൈത്ത് സിറ്റി : ഡിജിറ്റല്‍ അറസ്റ്റുള്‍പ്പെടെ നിരവധി തട്ടിപ്പുകളാണ് ഇപ്പോള്‍ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ നിരവധി ആളുകള്‍ക്ക് ഈ വലയില്‍ വീണ് പണം നഷ്ടമായിട്ടുണ്ട്. ഇപ്പോഴിതാ കുവൈത്തില്‍ നടന്ന ഒരു വേറിട്ട തട്ടിപ്പിന്റെ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കുവൈത്തില്‍ ഓണ്‍ലൈന്‍ വഴി വന്‍ മീന്‍ കച്ചവട തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സ്വദേശികള്‍ മാത്രമല്ല മലയാളികളടക്കം നിരവധി പേരാണ് ഇരകളായത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ തന്നെ കാലിയായി. ഓണ്‍ലൈനില്‍ 50% ഡിസ്‌കൗണ്ടില്‍ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജിലൂടെയാണ് കച്ചവടം. ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുവൈത്തിലെ ബാങ്കിങ് പേയ്‌മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ഒടിപി നല്‍കുന്നതോടെ ബാങ്കിലെ മുഴുവന്‍ കാശും തട്ടിപ്പു സംഘം പിന്‍വലിക്കും. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ് കാലിയായത്.
ചെമ്മീന്‍, സുബൈദി തുടങ്ങിയ മീനുകളുള്‍പ്പടെ ഫിഷ് ബാര്‍ബിക്യു പോലുള്ള ഭക്ഷണവും ഇവര്‍ ഓണ്‍ലൈനിലൂടെ കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാര്‍ ആണ് ഈടാക്കിയിരുന്നത്. 8 ദിനാര്‍ ഓണ്‍ലൈന്‍ ആയി നല്‍കിയ ഒരു മലയാളിക്ക് നഷ്ടമായത് 400 ദിനാറോളമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി തവണയായായിട്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്.
പണം നഷ്ടപ്പെട്ട നിരവധി പേര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം തുടരുകയാണ്. തട്ടിപ്പു നടത്താന്‍ ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജില്‍തന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും തട്ടിപ്പ് ഇപ്പോഴും തുടരുന്നു. തട്ടിപ്പില്‍ പെട്ടുവെന്ന പലരുടെയും കമന്റുകള്‍ മുന്നറിയിപ്പുകളായി കണക്കാക്കാതെയാണ് പലരും ഇതില്‍ വീണ്ടും പോയി കുടുങ്ങുന്നത്. എന്തായാലും സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post