അമരാവതി : ഹിന്ദു ആചാരങ്ങൾ ലംഘിച്ചതിന്റെ പേരിൽ 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ഹിന്ദു ആചാരങ്ങൾ പാലിക്കണമെന്ന ദേവസ്വത്തിന്റെ നയം ലംഘിച്ചതിനാണ് നടപടി.
ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്റെ നിർദ്ദേശപ്രകാരമാണ് 18 ജീവനക്കാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
ഹിന്ദു ഇതര മതപരമായ പ്രവർത്തനങ്ങൾ നടത്തുകയും ഹിന്ദു ആചാര മര്യാദകൾ പാലിക്കാതിരിക്കുകയും ചെയ്തു എന്നതാണ് ഈ ജീവനക്കാർക്കെതിരെയുള്ള ആരോപണം. തിരുപ്പതി ക്ഷേത്രത്തിന്റെ ആചാരങ്ങളിൽ നേരിട്ട് ഭാഗമാകേണ്ടിവരുന്ന ജീവനക്കാർക്ക് എതിരായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ആത്മീയ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ടിടിഡിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് തീരുമാനമെന്നും തിരുപ്പതി ദേവസ്ഥാനം വ്യക്തമാക്കി.
ക്ഷേത്രത്തിൽ നിയമിക്കപ്പെടുന്നതിന് മുമ്പ് ഈ ജീവനക്കാർ 1989 ലെ എൻഡോവ്‌മെന്റ് ആക്ട് 1060 അനുസരിച്ച് ഹിന്ദു മതപരമായ ആചാരങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നതാണെന്ന് ടിടിഡി വ്യക്തമാക്കുന്നു. എന്നാൽ ഈ പ്രതിജ്ഞയ്ക്ക് വിരുദ്ധമായി ഈ ജീവനക്കാർ ചില ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിക്കുന്നത് എന്നും ടിടിഡി അറിയിച്ചു.
പുണ്യ പരിപാവനമായ ക്ഷേത്രത്തിലെ ജീവനക്കാർ തന്നെ ക്ഷേത്ര സങ്കല്പങ്ങൾക്കും ഹിന്ദു വിശ്വാസത്തിനും എതിരായുള്ള പ്രവൃത്തികൾ നടത്തുന്നതിലൂടെ ക്ഷേത്രത്തിന്റെ വിശുദ്ധിയെയും ഭക്തരുടെ വികാരങ്ങളെയും ചോദ്യം ചെയ്യുകയാണ് ചെയ്തത് എന്നും ടിടിഡി സൂചിപ്പിച്ചു. ചട്ടങ്ങൾ ലംഘിച്ച 18 ജീവനക്കാരെ ടിടിഡി ക്ഷേത്രങ്ങളിലെയും അനുബന്ധ വകുപ്പുകളിലെയും നിലവിലെ ജോലികളിൽ നിന്ന് നീക്കം ചെയ്യുമെന്നും തിരുപ്പതി ദേവസ്ഥാനം അറിയിച്ചു. കൂടാതെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ പരിപാടികളിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്യും എന്നും ടിടിഡി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post