ബ്യൂണസ് അയേഴ്‌സ് : ലോകാരോഗ്യ സംഘടനയിൽ(WHO)നിന്ന് പിന്മാറാൻ തീരുമാനിച്ച് അർജന്റീന. അന്താരാഷ്ട്ര ആരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നാലെയാണ് ഇപ്പോൾ അർജന്റീനയും സംഘടനയിൽ നിന്നും പിന്മാറുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയായ ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചതായി ഹാവിയർ മിലിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ സർക്കാർ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.
കോവിഡ്-19 പാൻഡെമിക് സമയത്ത് ആരോഗ്യ മാനേജ്മെന്റിനെക്കുറിച്ചുള്ള ആഴത്തിലുള്ള വ്യത്യാസങ്ങൾ മൂലമാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിന് കാരണമായതെന്ന് അർജന്റൈൻ സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ചില രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാധീനം കാരണം ലോകാരോഗ്യ സംഘടനയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും പ്രസിഡണ്ട് ഹാവിയർ മിലി പറഞ്ഞു. ഒരു അന്താരാഷ്ട്ര സംഘടനയെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ അർജന്റീന അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയ്ക്ക് മേലുള്ള ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് അർജന്റൈൻ സർക്കാർ നേരത്തെയും സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് നടത്തിയ പ്രസ്താവനയിൽ പ്രത്യേകിച്ച് ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയാണ് സർക്കാർ വക്താവ് ലോകാരോഗ്യ സംഘടനയെ വിമർശിച്ചത്. ലോകാരോഗ്യ സംഘടനയിൽ നിന്ന് അർജന്റീന പിന്മാറുന്നതിനുള്ള പ്രക്രിയയ്ക്ക് തുടക്കമിടുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഹാവിയർ മിലി വരും ദിവസങ്ങളിൽ ഒപ്പുവെക്കുമെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“അർജന്റീനയുടെ പരമാധികാരത്തിൽ, പ്രത്യേകിച്ച് നമ്മുടെ ആരോഗ്യത്തിൽ, ഒരു അന്താരാഷ്ട്ര സംഘടന ഇടപെടാൻ നമ്മൾ അർജന്റീനക്കാർ അനുവദിക്കില്ല” എന്ന് ഒരു വാർത്താ സമ്മേളനത്തിൽ പ്രസിഡന്റിന്റെ വക്താവ് മാനുവൽ അഡോർണി പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുകടക്കുന്നത് അർജന്റീനയ്ക്ക് സ്വന്തം താൽപ്പര്യങ്ങൾക്കനുസൃതമായി നയങ്ങൾ നടപ്പിലാക്കുന്നതിനും ഫണ്ടുകൾ ഉചിതമെന്ന് തോന്നുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കൂടുതൽ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ വ്യക്തിഗത സംഭാവന നൽകുന്നത് യുഎസ്എയാണ്. 2024 ൽ ഏകദേശം 950 മില്യൺ ഡോളർ ആണ് അമേരിക്ക യുഎന്നിന് ധനസഹായമായി നൽകിയിരുന്നത്. ലോകാരോഗ്യ സംഘടനയുടെ മൊത്തം ബജറ്റിന്റെ 15 ശതമാനം ആണിത്. അർജന്റീന ഏകദേശം 8 ദശലക്ഷം ഡോളർ ആണ് പ്രതിവർഷം ധനസഹായമായി നൽകുന്നത്. യുഎസിനെയും അർജന്റീനയെയും മാതൃകയാക്കി വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ കൂടി ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയാൽ വലിയ രീതിയിലുള്ള പ്രതിസന്ധി ആയിരിക്കും സംഘടന അഭിമുഖീകരിക്കേണ്ടി വരിക.
Discussion about this post