പൂനെ: പൂനെയിൽ പെട്ടെന്ന് ഒരു ദിവസം പൊട്ടിപ്പുറപ്പെട്ട രോഗബാധയാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവ ജിബിഎസ്. ഗുരുതര രോഗാവസ്ഥകൾ സൃഷ്ടിക്കുന്ന രോഗം പെട്ടെന്നാണ് വ്യാപിക്കുന്നത്. ഇന്ന് നാല് പുതിയ ജിബിഎസ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ, ജിബിഎസ് രോഗികളുടെ എണ്ണം 170 ആയി. വലിയ തോതിലുള്ള രോഗവ്യാപനം വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലും രോഗം ബാധിക്കുന്നത് വലിയ ആശങ്കക്ക കാരണമാകുന്നുണ്ട്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ മരിച്ച 10 വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രോഗബാധയുണ്ടാകുന്നത് വെള്ളത്തിൽ നിന്നുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. 1990ൽ ചൈനയിലും ഈ ബാക്ടീരിയ വകഭേദം കണ്ടെത്തിയിരുന്നു. കോഴികളിൽ പതിവായി ഈ ബാക്ടീരിയ കണ്ടിരുന്നു. മഴക്കാലങ്ങളിൽ കോഴികളുടേയും താറാവുകളുടേയും വിസർജ്യം അടങ്ങിയ മലിന ജലത്തിൽ ഇറങ്ങിയ കുട്ടികളിലും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
എന്താണ് ഗില്ലൻ ബാരി സിൻഡ്രോം അഥവ ജിബിഎസ്..?
പെരിഫറൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവ ജിബിഎസ്. അതായത്, ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപരി നാഡീവ്യൂഹ വ്യവസ്ഥയെ തന്നെ ആക്രമിക്കുന്ന അവസ്ഥ. രോഗലക്ഷണം പെട്ടെന്ന് പ്രകടമാവുകയും വേഗത്തിൽ തന്നെ ഗുരുതരമാവുകയും ചെയ്യുന്നത് കൊണ്ട് തന്നെ, എത്രയും പെട്ടെന്നുള്ള രോഗ നിർണയവും ചികിത്സയും ഇതിന് അത്യന്താപേക്ഷിതമാണ്.
എന്തുകൊണ്ടാണ് ജിബിഎസ് രോഗം ഇത്രമേൽ ഭയാനകമായി മാറുന്നതെന്ന് അറിയാം..
പ്രധാനമായും പേശികളുടെ പ്രവർത്തനത്തെ വളരെ ഗുരുതരമായി തന്നെ ബാധിക്കുന്നതിനാൽ തന്നെയാണ് ഈ രോഗം ഇത്രമേൽ ആളുകളിൽ ഭയം ജനിപ്പിക്കുന്നതിന് കാരണം. കാലുകളിൽ തുടങ്ങുന്ന ചെറിയ ബലഹീനത പതിയേ ശരീരം മുഴുവൻ ബാധിക്കുകയും ഒറ്റ രാത്രി കൊണ്ട് ചിലപ്പോൾ ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥിയിലേക്കെത്തെത്തുന്നു.
കൈ, കാൽ വിരലുകളിലെ ചെറിയ രീതിയിലെ മരവിപ്പാണ് ജിബിഎസ് രോഗത്തിന്റെ പ്രാരംഭ ലക്ഷണം. ഇത് വൈകാതെ തന്നെ പേശികൾക്ക് ബലക്ഷയവും സന്ധികൾ അനക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കും എത്തും. രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ കാലുകളും കൈകളും അനക്കാൻ പോലും ആവാതെ വരുന്നു.
ശരീരത്തിൽ ഉണ്ടാകുന്ന ബലഹീനത, നടക്കാനുള്ള ബുദ്ധിമുട്ടിന് കാരണമാകുന്നു. ആദ്യ ഘട്ടത്തിൽ നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നത് പോലെ മാത്രമാണ് തോന്നുന്നതെങ്കിൽ, രോഗം ശരീരത്തിൽ കൂടുതൽ വ്യാപിക്കുന്നതിന് അനുസരിച്ച് അനങ്ങാൻ പോലും ആവാത്ത അവസ്ഥയിലേക്കെത്തുന്നു. കണ്ണിന്റെയോ മുഖത്തിന്റേയോ ചലനങ്ങളിലുള്ള ബുദ്ധിമുട്ടും ജബിഎസ് രോഗം മൂലം നേരിടേണ്ടി വരുന്നു. സംസാരിക്കാനോ ചവയ്ക്കാനോ വിഴുങ്ങാനോ ശ്രമിക്കുമ്പോഴെല്ലാം ബുദ്ധിമുട്ടും ഇത്തരം പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു.
കഠിനമായ വേദനയും ജിബിഎസ് രോഗത്തിന്റെ ലക്ഷണവും ഫലവുമാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദന തോന്നുന്നു. മലബന്ധവും ഈ രോഗം മൂലം ഉണ്ടാകാറുണ്ട്. ജിബിഎസ് രോഗം മൂത്രസഞ്ചി, മലവിസർജനം എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും മലബന്ധവും അല്ലെങ്കിൽ, ഇവ രണ്ടും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും ജിബിഎസ് രോഗം മൂലം അനുഭവിക്കേണ്ടി വരുന്നു. ക്രമാധീതമായ ഹൃദയമിടിപ്പും രോഗബാധിതരിൽ കാണാറുണ്ട്.
ഒരണുബാധയിലായിരിക്കും പലപ്പോഴും രോഗത്തിന്റെ തുടക്കം. ചുമ പോലെ ശ്വാസകോശത്തെ ബാധിക്കുന്നതോ ഡയേറിയ പോലെ ദഹനവ്യവസ്ഥയെ ബാധിക്കുന്നതോ ആയ അണുബാധയിലായിൽ തുടങ്ങുന്ന രോഗം, പിന്നീട് വളരെ പെട്ടെന്ന് തന്നെ ശരീരത്തെ ഗുരുതരമായി ബാധിക്കുന്നു.
Discussion about this post