ന്യൂയോർക്ക്: ദി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റി ( യുഎസ്എഐഡി) ൽ നിന്നും പണം പറ്റി മുംബൈ ഭീകരാക്രമണ കേസ് പ്രതി ഹാഫിസ് സയീദും. അമേരിക്കയിലെ പ്രമുഖ മാദ്ധ്യമമായ ദി വാഷിംഗ്ടൺ എക്‌സാമിനർ ആണ് യുഎസ്എഡിഐ ലഷ്‌കർ ഇ ത്വയ്ബയ്ക്കും പണം നൽകിയെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിൽ പിന്നീട് യുഎസ്എഐഡി ഇൻസ്‌പെക്ടർ ജനറൽ അന്വേഷണം പ്രഖ്യാപിച്ചതായും മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2019 ൽ ആയിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം. മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എച്ച്ആർഡി ( ഹെൽപിംഗ് ഹാൻഡ് ഫോർ റിലീഫ് ആന്റ് ഡെവലപ്‌മെന്റ് ) യ്ക്ക് പണം നൽകിയതുവഴിയാണ് യുഎസ്എഐഡി വിവാദത്തിലായിരിക്കുന്നത്. ചാരിറ്റബിൾ സംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന എച്ച്എച്ച്ആർഡിയ്ക്ക് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഫല ഇ ഇൻസാനയന്റ് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സഹസംഘടനയാണ് ഇത്. ഇക്കാര്യം അറിഞ്ഞുകൊണ്ട് ആയിരുന്നു യുഎസ്എഐഡി പണം നൽകിയത്. 1,10,000 ഡോളർ ആയിരുന്നു സംഘടനയ്ക്ക് സഹായമായി യുഎസ്എഐഡി കൈമാറിയത്.
2016 ൽ ലഷ്‌കർ ഇ ത്വയ്ബയെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചുകൊണ്ടായിരുന്നു പണം കൈമാറിയത്. അന്താരാഷ്ട്ര സഹായം ലഷ്‌കർ ഇ ത്വയ്ബ ദുരുപയോഗം ചെയ്തതായി 2021 ൽ ഫെബ്രുവരിയിലാണ് അധികൃതർ അറിഞ്ഞത്. ഇതോടെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ ശതകോടീശ്വരൻ എലോൺ മസ്‌കിൽ നിന്നും വലിയ വിമർശനം ആണ് യുഎസ്എഐഡി ഏറ്റുവാങ്ങുന്നത്. ഇതിനിടെയാണ് ഭീകര സംഘടനയ്ക്ക് പണം നൽകിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. വിദേശ സഹായങ്ങൾ നൽകുന്നതിന് വേണ്ടി രൂപീകരിച്ച യുഎസ്എഐഡിയുടെ പ്രവർത്തനത്തിന്റെ സുതാര്യതയും വിനിമയ രീതിയും ചോദ്യം ചെയ്തായിരുന്നു എലോൺ മസ്‌ക് രംഗത്ത് എത്തിയത്. ബയോവെപ്പൺ പ്രൊജക്ടുകൾക്കായുള്ള ഗവേഷണത്തിനും ഏജൻസി പണം ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കോഹെൽത്ത് അലയൻസിന് ഏജൻസി 53 മില്യൺ ഡോളർ നൽകിയെന്ന് അവകാശപ്പെട്ട് ഒരാൾ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മസ്‌ക് നിർണായക പരാമർശങ്ങൾ നടത്തിയത്. കോവിഡ് 19 പൊട്ടിപ്പുറപ്പെടാൻ കാരണം ആയ ബയോവെപ്പൻ പ്രൊജക്ടുകൾക്കുൾപ്പെടെ സഹായം നൽകിയെന്നാണ് മസ്‌ക് പറയുന്നത്.
ഇതിനിടെ കൂടുതൽ ഭീകര സംഘടനകൾക്ക് യുഎസ്എഐഡി പണം നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഗവേഷകൻ ആയ അജ്മദ് താഹ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ ജിഹാദി ഗ്രൂപ്പുകൾക്കായി വൻ തുക തന്നെ യുഎസ്എഐഡി ചിലവഴിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
Discussion about this post