ട്രെൻഡുകളുടെ ലോകമാണ് സോഷ്യൽമീഡിയ. മിനിറ്റുകളോ മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ മാത്രം ആയുസുള്ളവയാണ് ഓരോ ട്രെൻഡുകളും. അവയിൽ ചിലത് ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറയ്ക്കുമ്പോൾ,മറ്റ് ചിലത് വളർച്ചയെ പിന്നോട്ടുവലിക്കുന്നു. സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും കള്ളം ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന് പറയുന്നത് പോലെ, സോഷ്യൽമീഡിയയിൽ വൈറലാവുന്ന കാര്യങ്ങൾ സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയുമ്പോഴേക്കും അവ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കും.
അത്തരത്തിൽ സോഷ്യൽമീഡിയ ട്രെൻഡിൽ നിന്നാരംഭിച്ച് ഇപ്പോൾ പല ആളുകളും കണ്ണും പൂട്ടി വിശ്വസിക്കുന്ന ഒന്നാണ്,ഒസെംപിക് ബേബി.ഗർഭധാരണവുമായി ബന്ധപ്പെട്ടതാണ് ഇത്. കുഞ്ഞുങ്ങളെ വർഷങ്ങളായി സ്വപ്‌നം കാണുന്നവരാണ് ഈ ട്രെൻഡ് സത്യമാണെന്ന് വിശ്വസിക്കുന്നതും അതിനായി കിണഞ്ഞ് പരിശ്രമിക്കുന്നതും. ടൈപ്പ് 2 പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ഒരു മരുന്നാണ് ഒസെംപിക് അഥവാ സെമാഗ്ലാറ്റൈഡ്. ഇവ ഉപയോഗിക്കുന്നവരിൽ അൺപ്ലാൻഡ് പ്രെഗ്നനൻസി വർദ്ധിക്കുന്നുവെന്നാണ് വ്യാപകപ്രചരണം. വന്ധ്യതയ്ക്കുള്ള മറുമരുന്ന് എന്ന പേരിൽ പേരിലാണ് ഇതിന്റെ വിൽപ്പന പൊടിപൊടിക്കുന്നത്.
ഒസെംപിക് മരുന്ന് ഉപയോഗിക്കാൻ ആരംഭിച്ചതിന് ശേഷം താൻ ഗർഭിണിയായെന്ന് അവകാശപ്പെട്ട് സ്ത്രീകൾ വീഡിയോകളുമായി രംഗത്തെത്തി. ഈ സ്ത്രീകളിൽ ബൂരിഭാഗം പേരും വന്ധ്യത,പിസിഒഎസ്,എൻഡോമെട്രിയോസിസ് തുടങ്ങിയവയ്ക്ക് ചികിത്സ തേടിയിട്ടുള്ളവരും മുൻപ് ഐവിഎഫ് ചികിത്സ നടത്തിയിട്ടുള്ളവരുമാണെന്നാണ് അവകാശപ്പെടുന്നത്. ഇതോടെയാണ് ഒസെംപിക് വന്ധ്യതയ്ക്ക് പരിഹാരമോ എന്ന തരത്തിൽ ചർച്ചകൾ സജീവമായത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു യുവതി പറയുന്നത്, ഒസംപിക് ഉപയോഗിക്കാൻ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ താൻ ഗർഭിണിയായെന്നാണ്. വന്ധ്യതയ്ക്ക് ചികിത്സ തേടിയിരുന്നയാളാണ് താനെന്നും യുവതി പറയുന്നുണ്ട്.
ഒസെംപിക് ബേബി എന്ന വാക്ക് വൈദ്യശാസ്ത്രത്തിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഒന്നല്ല എന്നതാണ് യാഥാർത്ഥ്യം, ഈ മരുന്ന് ഉപയോഗിച്ചതിന് ശേഷം ഗർഭിണിയായന്നെ് പറയുന്നവർ നൽകിയ വിശേഷണമാണ് ഒസെംപിക് ബേബി എന്നത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും അമിതവണ്ണമോ പിസിഒഎസ് പോലുള്ള അവസ്ഥകളോ ഉള്ള സ്ത്രീകളിൽ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണല്ലോ ഒസെംപിക് മരുന്ന്. ശരീര ഭാരം കുറയുന്നതോടെ പല സ്ത്രീകളിലും ആർത്തവ ചക്രം ക്രമമായി മാറുകയും ചെയ്യാം. ഇത് ഗർഭധാരണത്തെ സഹായിച്ചിരിക്കാമെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതായത് മറ്റേത് ഗർഭധാരണചികിത്സകൾക്കും പകരക്കാരനല്ല ഒസെംപിക് മരുന്ന് എന്ന് സാരം. ചിലർക്ക് ഭാഗ്യവശാൽ സംഭവിച്ചെന്ന് കരുതി എല്ലായ്‌പ്പോഴും അത് അങ്ങനെയാവണമെന്നില്ല.
അതേസമയം നേരത്തെ നോവോ നോർഡിസ്‌കിന്റെ ഒസെംപിക് ഗുളികൾക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. വ്യാജന്മാരെ സൂക്ഷിക്കമമെന്നാണ് മുന്നറിയിപ്പ്. ഈ മരുന്നുകളുടെ ആവശ്യകതയും വ്യാജനിർമിതിയും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. രോഗികൾ ഈ ഗുളിക ഉപയോഗിക്കുമ്പോൾ ആവശ്യത്തിനുവേണ്ട ഘടകങ്ങൾ ഇല്ലെങ്കിൽ ബ്ലഡ് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ കഴിയാതെവരും. അതോടൊപ്പം ശരീരഭാരവും. നിർദേശിക്കപ്പെടാത്ത ചില ഘടകങ്ങൾ ഇൻസുലിൻ പോലുള്ള ഇൻജക്ഷനുകളിൽ കാണപ്പെടുന്നു. ഇത് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
Discussion about this post