ലോകത്ത് നടക്കുന്ന കണ്ണിൽ കണ്ട സകല പരീക്ഷണങ്ങൾക്കും ഇരയാവുന്ന കൂട്ടരാണ് പന്നികളും എലികളും. ശാസ്ത്രജ്ഞർ പലപ്പോഴും നാഴികല്ലുകൾ പിന്നിട്ടു എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് പോലും ഇവയെ പരീക്ഷണനിരീക്ഷണങ്ങൾക്കും ബലിയാടാക്കിയിട്ടാണ്. ഇപ്പോഴിതാ കേട്ടാൽ വിശ്വസിക്കാൻ കഴിയാത്ത, എന്നാൽ 100 ശതമാനവും സത്യവുമായ ഒരു നേട്ടം കൂടി എലിയെ ബലിയാടാക്കി ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ കണ്ടെത്തിയകാര്യങ്ങൾ വെളിച്ചം വീശുന്നതാവട്ടെ ഭൂലോകത്തെ മാറ്റി മറിക്കാൻ പോകുന്ന പ്രത്യുത്പാദനരംഗത്തും.
സ്ത്രീയെ കൂടാതെ രണ്ട് പുരുഷന്മാർക്ക് കുഞ്ഞ് ജനിക്കുമോ ന്നെ ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. മൂക്കത്ത് വിരൽവച്ചുപോകുന്ന കാര്യമാണെങ്കിലും സംഭവം പരീക്ഷിച്ചുവിജയിച്ചു. രണ്ട് ആൺ എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയത്. പെണ്ണിന്റെ സഹായം കൂടാതെ, രണ്ട് പുരുഷബീജങ്ങൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. സ്റ്റെം സെൽ എഞ്ചിനീയറിംഗ് വഴി ചൈനീസ് അക്കാദമി ഓഫ് സയൻസിലെ മോളിക്യുലർ ബയോളജിസ്റ്റ് ഷി കുൻ ലീയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ പരീക്ഷണം വിജയകരമാക്കിയത്. രണ്ട് ആൺ പാരന്റ്സ് ആണ് എലിയുടെ പ്രത്യേകത. അമ്മയില്ലാതെ ജനിച്ച കുഞ്ഞ് എന്ന് വേണമെങ്കിൽ പറയാം. 2023ൽ ജപ്പാനിൽ ഇതുപോലെ ഒരു പരീക്ഷണം നടത്തിയെങ്കിലും എലിയുടെ ആയുസ് കുറവായിരുന്നു എന്നാൽ ഇവിടെ ആരോഗ്യവാനായ ഒരു എലിയാണ് ജനിച്ചിരിക്കുന്നത്.
മുൻപ് പുരുഷ സ്റ്റെം സെല്ലുകളിൽ നിന്ന് എഗ്‌സ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ജനിതക എൻജിനീയറിംഗ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാദ്ധ്യമാക്കിയത്. പെണ്ണ് വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ സ്ത്രീയുടെ സഹായം ഇതിന് കൂടിയേ തീരൂ. ഒരു പെൺ എലിയിൽ നിന്ന് എടുത്ത പൂർണത എത്താത്ത അണ്ഡം അഥവാ ഓസൈറ്റിൽ നിന്ന് ജീനുകൾ വേർതിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഒരു പുരുഷ എലിയിൽ നിന്ന് ബീജം ഈ അണ്ഡത്തിലേക്ക് കടത്തിവിടുകയും അത് മൂലകോശങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.ഈ മൂലകോശങ്ങൾ മറ്റൊരു ആൺ എലിയിൽ നിന്നുള്ള ബീജം ഉപയോഗിച്ച് മറ്റൊരു അണ്ഡത്തിലേക്ക് കടത്തിവിടുകയും ഇത് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഭ്രൂണങ്ങൾ രണ്ട് ആൺ എലികളുടെ ഡിഎൻഎ വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
എന്നാൽ ഈ പരീക്ഷണത്തിൽ നിർമിച്ച 90 ശതമാനം ഭ്രൂണങ്ങളും ഉപയോഗശൂന്യമായി മാറിയെന്ന് പഠനം പറയുന്നു. അതിനാൽ മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുൻപ് വിജയനിരക്കിൽ കാര്യമായ പുരോഗതി ആവശ്യമാണ്. ഇത് വിജയം കണ്ടാൽ കുഞ്ഞുങ്ങളെ സ്വപ്‌നം കാണുന്ന ഗേ കപ്പിൾസിന് ഏറെ പ്രയോജനകരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Discussion about this post