കപ്പയും മീനും, കപ്പയും കാന്താരിയുമെല്ലാം വളരെയധികം ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലരുടെയും ഇഷ്ട വിഭവം കൂടിയാണ് കപ്പ. ഇത് കഴിക്കുന്നത് ആരോഗ്യപരമായും ഏറെ നല്ലതാണെന്ന് നാം പറഞ്ഞുകേട്ടിട്ടുണ്ടാകും. മരച്ചീനി, പൂളക്കിഴങ്ങ് എന്നിങ്ങനെ പല നാട്ടിലും പല പേരാണ് കപ്പയ്ക്കുള്ളത്. എന്നാൽ നാം ആസ്വദിച്ച് രുചിയോടെ മീൻ കറിയും കൂട്ടി കഴിക്കുന്ന ഈ കപ്പ ലോകത്തിലെ തന്നെ ഏറ്റവും മാരകവിഷമുള്ള ഭക്ഷണം ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ ഇത് സത്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ കപ്പ എത്രത്തോളം മാരകമായ ഭക്ഷണം ആണെന്ന് വ്യക്തമാക്കുന്നു.
മരച്ചീനിയിൽ നിന്നുള്ള വിഷബാധയെ തുടർന്ന് പ്രതിവർഷം 200 പേരാണ് മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ലോകത്തെ ഏറ്റവും വിഷമുള്ള ഭക്ഷണമായി ഇതിനെ വിശേഷിപ്പിക്കുന്നതും. നമ്മുടെ ലോകത്ത് ഏകദേശം 500 ദശലക്ഷം ആളുകൾ ആണ് കപ്പ കഴിക്കുന്നത്. പ്രതിവർഷം മില്യൺ ടൺ കണക്കിന് ഭക്ഷണം ലോകത്തെ ആളുകൾ ഭക്ഷണം ആക്കുന്നുണ്ട്.
മരച്ചീനിയുടെ വേര്, തൊലി, ഇല എന്നിവ വളരെ അപകടകരമാണെന്നാണ് പറയപ്പെടുന്നത്. ഇവ മനുഷ്യരുടെയോ കന്നുകാലികളുടെയോ ശരീരത്തിൽ എത്തിയാൽ മരണം സുനിശ്ചിതമാണ്. മരച്ചീനിയുടെ വേരിലും ഇലയിലുമെല്ലാം ഹൈഡ്രജൻ സയനേഡ് അടങ്ങിയിട്ടുണ്ട്.് ഇതാണ് മരണത്തിന് കാരണം ആകുന്നത്.
നാം കഴിക്കുന്ന കിഴങ്ങിലും സയനേഡിന്റെ അംശം ഉണ്ട്. ഒരു കിലോ മരച്ചീനിയിൽ 20 മില്ലീ ഗ്രാം സയനേഡ് അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ചില കിഴങ്ങുകൾക്ക് കൈപ്പേറും. ഇത്തരം കിഴങ്ങുകളിൽ 1000 മില്ലീ ഗ്രാം സയനേഡുവരെ അടങ്ങിയിരിക്കുമെന്നാണ് പറയപ്പെടുന്നത്. ശരിയായി പാകം ചെയ്യാത്തതാണ് മരച്ചീനിയെ ഇത്രയധികം അപകടകാരി ആക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും വിദഗ്ധർ മാത്രമേ മരച്ചീനി പാകം ചെയ്യാറുള്ളൂ. വിഷമുള്ള മീനുകളെ പാകം ചെയ്യാൻ പരിശീലനം ലഭിച്ചവർ ആയിരിക്കും ഇതിൽ ഭൂരിഭാഗവും.
മരച്ചീനി പച്ചയ്ക്ക് കഴിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് മാത്രമല്ല, മരണത്തിലേക്ക് ക്രമേണ നയിക്കുന്ന ഗുരുതര രോഗങ്ങൾക്കും കാരണം ആയേക്കാം. ന്യൂറോളജിക്കൽ ഡിസോർഡർ ആയ അട്ടാക്‌സിയയ്ക്ക് ഉൾപ്പെടെ കപ്പ പച്ചയ്ക്ക് കഴിക്കുന്നത് കാരണം ആകും. ശരിയായി പാകം ചെയ്താൽ രുചിയേറിയതും പോഷക സമൃദ്ധവുമാണ് മരച്ചീനി.
ദക്ഷിണ അമേരിക്കയാണ് മരച്ചീനിയുടെ ഉത്ഭവ കേന്ദ്രം എന്നാണ് പറയപ്പെടുന്നത്. ഇന്ന് ഈ കിഴങ്ങ് ഏറ്റവും കൂടുതൽ ആയി ഉത്പാദിപ്പിക്കുന്ന രാജ്യം നൈജീരിയ ആണ്. ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഇത് പരിഹരിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഭക്ഷണം കൂടിയാണ് കപ്പ.
Discussion about this post