ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ എത്തിയാണ് സച്ചിൻ ദ്രൗപതി മുർമുവിനെ കണ്ടത്. സച്ചിനോടൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഭാര്യ അഞ്ജലി ടെണ്ടുൽക്കറും മകൾ സാറ ടെണ്ടുൽക്കറും ആയിരുന്നു സച്ചിനോടൊപ്പം ഉണ്ടായിരുന്നത്.
കൂടിക്കാഴ്ചയിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ ടെസ്റ്റ് ജേഴ്‌സി പ്രസിഡന്റ് ദ്രൗപതി മുർമുവിന് സമ്മാനിച്ചു. ഭാര്യക്കും മകൾക്കും ഒപ്പം രാഷ്ട്രപതിയോടൊപ്പം ഫോട്ടോകൾ എടുത്ത് സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടുത്തിടെ കേണൽ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി സച്ചിനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ രാഷ്ട്രപതി ഭവനിൽ എത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രപതി ഭവനിലെ ഉദ്യാനങ്ങളിലൂടെ ദ്രൗപതി മുർമു സച്ചിനോടൊപ്പം നടക്കുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഏറെ താൽപര്യപൂർവ്വമാണ് രാഷ്ട്രപതി മുർമു തന്റെ വസതിയിലെ കാഴ്ചകൾ ക്രിക്കറ്റ് ഇതിഹാസവുമായി പങ്കുവെച്ചത്.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 2025 ലെ നമൻ അവാർഡ് ദാന ചടങ്ങിൽ കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി സച്ചിനെ ആദരിച്ചത്. ഈ അഭിമാനകരമായ അവാർഡ് നേടുന്ന 31-ാമത്തെ വ്യക്തിയാണ് സച്ചിൻ ടെണ്ടുൽക്കർ. ബിസിസിഐ തനിക്ക് എപ്പോഴും പിന്തുണ നൽകിയിട്ടുണ്ട്, അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ സച്ചിൻ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങിയ ശേഷം സച്ചിൻ പുതുതലമുറ ക്രിക്കറ്റ് താരങ്ങൾക്കായി ഒരു സ്നേഹോപദേശവും പങ്കുവെച്ചു. “ക്രിക്കറ്റ് ഇല്ലായിരുന്നെങ്കിൽ നമ്മളെല്ലാവരും ഈ മുറിയിൽ ഇരിക്കുമായിരുന്നില്ല. എന്നാൽ എപ്പോഴെങ്കിലും ഒരിക്കൽ നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് പതുക്കെ പിടി നഷ്ടപ്പെടാൻ തുടങ്ങും. ശ്രദ്ധ വ്യതിചലനങ്ങൾ ഉണ്ടാകും, പക്ഷേ അത് നിങ്ങളെയും നിങ്ങളുടെ കരിയറിനെയും ബാധിക്കാൻ അനുവദിക്കരുത്. നിങ്ങൾക്ക് എല്ലാം ഉള്ളപ്പോൾ, കാര്യങ്ങൾക്ക് വില കൽപ്പിക്കുക, ഉചിതമായി പെരുമാറുക” എന്നായിരുന്നു സച്ചിൻ പുതിയ താരങ്ങളോട് പറഞ്ഞത്.
ക്രിക്കറ്റ് ദൈവം എന്ന വിശേഷണത്തിന് ഏറ്റവും അർഹനായ താരം തന്നെയാണ് സച്ചിൻ ടെണ്ടുൽക്കർ.
ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും ടെസ്റ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാനും ആണ് അദ്ദേഹം. 200 ടെസ്റ്റുകളിൽ നിന്ന് 51 സെഞ്ച്വറികൾ ഉൾപ്പെടെ 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. 463 ഏകദിന മത്സരങ്ങളിൽ നിന്ന് 49 സെഞ്ച്വറികൾ ഉൾപ്പെടെ 18246 റൺസ് നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യം നിരവധി പുരസ്കാരങ്ങൾ നൽകി സച്ചിനെ ആദരിച്ചിട്ടുണ്ട്.
Discussion about this post