ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഭാര്യ അഞ്ജലിയോടും മകൾ സാറയോടുമൊപ്പമാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദർശിച്ചത്. 2011ലെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള അവിസ്മരണീയമായ ഓർമകൾ അദ്ദേഹം പങ്കുവച്ചു. ഇനിയൊരിക്കൽ കൂടി ആ നിമിഷം ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹവും രാഷ്ട്രപതിയോടൊത്തുള്ള വേളയിൽ അദ്ദേഹം പ്രകടിപ്പിച്ചു.
‘2011 ലോകകപ്പ് എന്നെ സംബന്ധിച്ച് വീണ്ടും അനുഭവിക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്ന ഒരു ഓർമയാണ്. 1983ൽ ആരംഭിച്ച യാത്രയും സ്വപ്നവും. നിരവധി ശ്രമങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്, പരാജയപ്പെട്ടിട്ടുണ്ട്, പക്ഷേ ഒരിക്കലും ഞാൻ എന്റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിനാൽ തന്നെ, അത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം’- സച്ചിൻ പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നടന്ന വിമർശ് ശൃംഖലയിൽ സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
തന്റെ ബാല്യകാല പരിശീലകനായ രമാകാന്ത് അർച്ചേരകറിനെക്കുറിച്ചുള്ള ഓർമകളും സച്ചിൻ പങ്കുവച്ചു. ‘എന്റെ ജീവിതത്തിൽ അർച്ചേരകർ സർ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
‘വേനൽക്കാല അവധിക്കാലങ്ങളിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം എന്നെ 5 വ്യത്യസ്ത വലകളിലേക്ക് കൊണ്ടുപോയി. ക്രിക്കറ്റിൽ ഒരിക്കലും ഞാൻ ഷോട്ട് കട്ടുകൾ എടുക്കുന്നില്ലെന്ന് അദ്ദേഹം എന്നും ഉറപ്പുവുത്തിയിട്ടുണ്ട്. അതെന്നെ മാനസികമായി ശക്തനാക്കിയിട്ടുണ്ട്’- സച്ചിൻ ഓർത്തെടുത്തു.
2019 ജനുവരി 2ന് തന്റെ 87-ാം വയസ്സിലാണ് ആ മികച്ച പരിശീലകൻ വിടവാങ്ങിയത്. ഒരു പരിശീലകനെന്ന നിലയിൽ കായികരംഗത്തിന് നൽകിയ സംഭാവനകൾക്ക് 1990ൽ, രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരം നൽകി ആദരിച്ചു. 2010ൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ വർഷങ്ങളിലൊന്നായാണ് 2011 ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2011 ഏപ്രിൽ 2ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കുമാർ സങ്കക്കാര നയിച്ച ശ്രീലങ്കയെ ആറ് വിക്കറ്റിന് വീഴ്ത്തിയായിരുന്നു ഇന്ത്യ ലോക കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യക്ക് അത്ര ശുഭസൂചകമായിരുന്നില്ല. ടോസ് നേടിയ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാര ആദ്യം ബാറ്റിംഗ് ആരംഭിച്ചു. 88 പന്തിൽ നിന്ന് 103 റൺസ് നേടിയ മഹേള ജയവർധനെയുടെ സെഞ്ച്വറിയിൽ 275 റൺസ് ആണ് ശ്രീലങ്ക നേടിയത്. ശ്രീലങ്കയുടെ ബാറ്റിംഗിനെ പിന്തുടർന്ന് കൊണ്ട് ഇന്ത്യയുടെ ബൗളർമാരായ യുവരാജ് സിംഗ്, സഹീർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹർഭജൻ സിംഗ് ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ സെവാഗിനെയും (0) സച്ചിൻ ടെണ്ടുൽക്കറെയും (18) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വിരാട് കോലിയും ഗൗതം ഗംഭീറും ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടുകെട്ട് നേടി. കോലി പുറത്തായപ്പോൾ
നാലാമനായി എംഎസ് ധോണി തന്നെ മുന്നിൽ നിന്ന് പടനയിക്കാൻ ക്രീസിലെത്തി. ഗംഭീർ 97 റൺസ് നേടി, പുറത്ത് പോയെങ്കിലും, ധോണി 91 റൺസെടുത്ത് പുറത്താവാതെ നിന്നു. പിന്നീട് ധോണിയും യുവരാജും ചേർന്ന് 54 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു.
‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് രാജ്യം ആദരിക്കുന്ന സച്ചിൻ 1989 മുതൽ 2013 വരെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി. 1989 നവംബർ 15 ന് 16-ാം വയസിലാണ് സച്ചിൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 664 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 34,357 റൺസ് സച്ചിൻ നേടി. 100 സെഞ്ച്വറികൾ, 164 അർദ്ധ സെഞ്ച്വറികൾ, ആദ്യ ഏകദിന ഇരട്ട സെഞ്ച്വറിയായത്, 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് എന്നിവങ്ങനെ ക്രിക്കറ്റ് ജീവിതത്തിൽ പകരം വയ്ക്കാനാവാത്ത അത്രയും നേട്ടങ്ങൾ അദ്ദേഹം കൊയ്തു.
Discussion about this post