നല്ലനാളെ സ്വപ്‌നം കണ്ട് പിറന്ന മണ്ണ് ഉപേക്ഷിച്ച് ജീവിതം കരുപിടിപ്പിക്കാൻ പോകുന്ന കുടിയേറ്റക്കാരെ കുറിച്ച് കേട്ടിട്ടില്ലേ..സാഹസികതയുടെ മുറിവുകളും പട്ടിണിയുടെ കയ്പ്പും നീന്തികയറുമ്പോഴാണ് ഓരോ കുടിയേറ്റക്കാരനും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. എന്നാൽ ഇതിനിടെ തളർന്നുവീഴുന്നവരേറെ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്നതും അതിനായി ശ്രമിക്കുന്നതും അമേരിക്കയിലേക്കാണെന്നതിൽ സംശയമില്ല. മികച്ച ജീവിതസാഹചര്യങ്ങളും സമ്പത്തും ആളുകളെ അമേരിക്ക സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്നു. ഏത് വിധേനെയും അവിടെ എത്തണമെന്ന ചിന്തയിൽ അവർ നിയമം മറക്കുന്നു. കുടിയേറാൻ അപകടം പിടിച്ച വഴികൾ തിരഞ്ഞെടുക്കുന്നു. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനായി പലരും തിരഞ്ഞെടുക്കുന്ന സാഹസികപാതയെ കുറിച്ചറിഞ്ഞാൽ നമ്മുടെ കണ്ണീര് പോലും വറ്റിപോകും.
ഏറെ ദുഷ്‌കരമായ പാതയായ ഡോങ്കി റൂട്ട് അഥവാ ഡാരിയൽ ഗ്യാപ്പിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അനധികൃതമായി യുഎസിൽ എത്താൻ ശ്രമിക്കുന്ന പലരും തിരഞ്ഞെടുക്കുന്ന പാത. ലക്ഷ്യത്തിലെത്തുമോയെന്ന് 100 ശതമാനം ഉറപ്പില്ലാത്ത, ജീവൻ നഷ്ടപ്പെട്ടാലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഡോങ്കി റൂട്ടിലൂടെയുള്ള യാത്ര വിവരിക്കുന്നതിലും ഭീകരമാണത്രേ. നിബിഡ വനത്തിന് കുറുകെ 97 കിലോമീറ്റർ നീളത്തിലുള്ള ഒരു കുടിയേറ്റ മാർഗമാണ് ഡാരിയൻ ഗ്യാപ്പ്. കുത്തനെയുള്ള മലനിരകൾ, ചെളി നിറഞ്ഞ ചതുപ്പുനിലങ്ങൾ, അതിവേഗം ഒഴുകുന്ന നദികൾ, വന്യജീവികൾ, വിഷപാമ്പുകൾ, ഇതിനുപുറമെ കുടിയേറ്റക്കാരുടെ ആകെയുള്ള നാണയത്തുട്ടുകൾ കൈക്കലാക്കാനായി കാത്തിരിക്കുന്ന കൊള്ളക്കാർ
യുഎസിലേക്ക് കുടിയേറാൻ ആഗ്രഹമുള്ളവരെ ഏജന്റുമാർ മധ്യ അമേരിക്കൻ രാജ്യങ്ങളായ പനാമ, കോസ്റ്റ റിക്ക, എൽ സാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയവയിലേക്ക് ആദ്യം എത്തിക്കും. ഈ രാജ്യങ്ങളിലേക്ക് വിസ ലഭിക്കാൻ എളുപ്പമാണ് എന്നതിനാലാണിത്. തുടർന്ന് മെക്‌സിക്കോയിലേക്ക് കടക്കുകയും അവിടെനിന്ന് യുഎസിലേക്ക് കടക്കുകയുമാണ് രീതി.ഏറ്റവും അപകടകരമായ കുടിയേറ്റ മാർഗങ്ങളിൽ ഒന്നെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഡോക്ടേഴ്‌സ് ഓഫ് ദി വേൾഡ് ഡാരിയൻ ഗ്യാപ്പിനെ വിശേഷിപ്പിക്കുന്നത്. ഡോങ്കി റൂട്ടിന്റെ ഏറ്റവും അപകടം പിടിച്ച ഭാഗമാണ് ഡാരിയൽ ഗ്യാപ്പ്. യുഎസ് എന്ന സ്വപ്നവുമായി നടക്കുന്ന മനുഷ്യർ, വേറെ വഴിയില്ലാതെ ഈ പാത തിരഞ്ഞെടുക്കുകയാണ്.ചതുപ്പുകളും, വിഷപാമ്പുകളും കുത്തിയൊഴുകുന്ന നദികളും പുലിയും കരടികളും കൊടുംകാടും മാത്രമുള്ള പാതയാണ്. മോശം കാലാവസ്ഥയും, മോശം ഭൂപ്രകൃതിയും എല്ലാംകൊണ്ട് നരകതുല്യം.
ഇതിലൂടെ യുഎസിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു കുറവുമില്ല എന്നതാണ് യാഥാർത്ഥ്യം. 2023ൽ അഞ്ചര ലക്ഷം മനുഷ്യരാണ് ഈ പാതയിലൂടെ യുഎസിൽ എത്തിയത് എന്നാണ് കണക്ക്. 2024ൽ മൂന്ന് ലക്ഷം മനുഷ്യർ എന്നതാണ് കണക്ക്.2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഡാരിയൻ ഗ്യാപ്പിൽ 312 മരണങ്ങളും തിരോധാനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ കണക്കനുസരിച്ച് 2023 ൽ മാത്രം 676 ലൈംഗികാതിക്രമങ്ങളാണ് ഡാരിയൻ ഗ്യാപ്പിൽ നടന്നത്. 2024ന്റെ തുടക്കത്തിൽ 233 കേസുകൾ രേഖപ്പെടുത്തി.
Discussion about this post