വാഷിംഗ്ടൺ : വിമാനം തകർന്ന നിലയിൽ കണ്ടെത്തി. യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനമാണ് തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. നോമിലേക്കുള്ള യാത്രാമദ്ധ്യേ അലാസ്‌കയ്ക്ക് മുകളിൽ വച്ചാണ് വിമാനം കാണാതയത്. അലാസ്‌കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് 10 പേരാണ്. 10 പേരും അപകടത്തിൽ മരിച്ചു.
കഴിഞ്ഞ 25 വർഷത്തിനിടെ അലാസ്‌കയ്ക്കയിൽ ഉണ്ടായ ഏറ്റവും മാരകമായ അപകടങ്ങളിൽ ഒന്നായിരുന്നു ഇത്. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽ നിന്നാണ് വിമാനം യാത്ര തിരിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥർക്ക് അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ബെറിംഗ് എയറിന്റെ ഓപ്പറേഷൻസ് ഡയറക്ടർ ഡേവിഡ് ഓൾസൺ പറഞ്ഞു. നേരിയ മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉണ്ടായിരുന്നു, താപനില 17 ഡിഗ്രി (മൈനസ് 8.3 സെൽഷ്യസ്) ആയിരുന്നുവെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു.
കോസ്റ്റ് ഗാർഡ് അപകടത്തിന്റെ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. അവർ നൽകിയ ഒരു ഫോട്ടോയിൽ വിമാനത്തിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങളും , ശരീര അവശിഷ്ടങ്ങളും മഞ്ഞുപാളികളിൽ കിടക്കുന്നതായി കാണിക്കുന്നുണ്ട്. അതേസമയം അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നതാണ് റിപ്പോർട്ട്.
എട്ട് ദിവസത്തിനിടെ അമേരിക്കയിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വ്യോമയാന അപകടമാണ് ഇത്. ജനുവരി 29 ന് രാജ്യ തലസ്ഥാനത്തിന് സമീപം ഒരു വാണിജ്യ ജെറ്റ്ലൈനറും ഒരു ആർമി ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചു. ജനുവരി 31 ന് ഫിലാഡൽഫിയയിൽ ഒരു മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും നിലത്തുണ്ടായിരുന്ന മറ്റൊരാളും മരിച്ചിരുന്നു .
Discussion about this post